വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനം. പെൺകുട്ടിയുടെ എതിർപ്പ് വകവെക്കാതെ ഈ ദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിച്ചു. പിന്നീട് ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു.
ചെന്നൈ: ചെന്നൈയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ രണ്ട് മലയാളി യുവാക്കളെ അറസ്റ്റ് ചെയ്തു. ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി മൂന്ന് ലക്ഷം രൂപയും സ്വർണവും പെൺകുട്ടിയിൽ നിന്ന് ഇവർ തട്ടിയെടുത്തു. ചെങ്ങന്നൂർ സ്വദേശികളാണ് അറസ്റ്റിലായത്.
ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ മാനേജറായ സുബിൻ ബാബു , സുഹൃത്ത് സജിൻ വർഗീസ് എന്നിവരെയാണ് താംബരം പൊലീസ് അറസ്റ്റ് ചെയ്തത്. 16 വയസുള്ള മലയാളി പെൺകുട്ടിയെ പ്രണയം നടിച്ച് 2017 മുതലാണ് സുബിൻ പീഡിപ്പിച്ചത്. സുബിന്‍റെയും സുഹൃത്തുക്കളുടേയും ഫ്ലാറ്റിൽ വച്ചായിരുന്നു വിവാഹ വാഗ്ദാനം നൽകി പീഡനം. പെൺകുട്ടിയുടെ എതിർപ്പ് വകവെക്കാതെ ഈ ദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിച്ചു.
ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. ഭീഷണി ഭയന്ന് പലപ്പോഴായി പണവും ആഭരണങ്ങളും പെൺകുട്ടി നൽകി. മൂന്ന് ലക്ഷം രൂപയും ആറ് പവനുമാണ് ഇങ്ങനെ പ്രതികള്‍ തട്ടിയെടുത്തത്. വീണ്ടും പണമാവശ്യപ്പെട്ട് ശല്യം തുടർന്നതോടെ പെൺകുട്ടി ആത്മഹത്യാ ശ്രമം നടത്തി.
ഇതോടെയാണ് സംഭവം മാതാപിതാക്കൾ അറിയുന്നത്. പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടതോടെ സുബിൻ ദൃശ്യങ്ങൾ സുഹൃത്തായ സജിനു കൂടി കൈമാറി. പണം നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്ന് സജിനും ഭീഷണിപ്പെടുത്തി. ഇതോടെയാണ് പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. പോക്സോ വകുപ്പ്പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. രണ്ട് പേരെയും റിമാൻഡ് ചെയ്തു.
