കോഴിക്കോട്: ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവും സുഹൃത്തും അറസ്റ്റില്‍. കോഴിക്കോട് സ്വദേശിയായ ഒന്‍പതാം ക്ലാസുകാരിയാണ് പീഡനത്തിന് ഇരയായത്. പ്രണയം നടിച്ചായിരുന്നു ഒറ്റപ്പാലം സ്വദേശി ഷറഫലി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. 

കോഴിക്കോട് സ്വദേശിയായ പതിനാല് വയസുകാരി കഴിഞ്ഞ ജൂലൈയിലാണ് പീഡിപ്പിക്കപ്പെട്ടത്. ഒറ്റപ്പാലം സ്വദേശിയായ ഷറഫലി കരിപ്പൂര്‍ വിമാനത്താവളത്തിനടുത്തെ ലോഡ്ജില്‍ വച്ചും പെരിന്തല്‍മണ്ണയിലെ ലോഡ്ജില്‍ വച്ചുമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കസബ എസ്.ഐ വി.സിജിത്തിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഒറ്റപ്പാലത്ത് വച്ച് ഷറഫലിയെയും സുഹൃത്തും സഹായിയുമായ രാഗേഷിനേയും അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ പോക്സോ കേസ് ചുമത്തി.

കഴിഞ്ഞ ഫെബ്രുവരിയിലാണ് 25കാരനായ ഷറഫലിയെ ഇന്‍സ്റ്റാഗ്രാം വഴി ഒന്‍പതാം ക്ലാസുകാരി പരിചയപ്പെടുന്നത്. ഓണ്‍ലൈന്‍ പഠനത്തിനായി വീട്ടുകാര്‍ ടാബ്ലറ്റ് വാങ്ങി നല്‍കിയിരുന്നു. അങ്ങിനെയാണ് പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. പിന്നീട് വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയതോടെ പരസ്പരം മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കൈമാറുകയും ഫോണ്‍വിളി പതിവാവുകയും ചെയ്തു. പ്രണയം നടിച്ച ഷറഫലി നിരവധി ഇടങ്ങളില്‍ പെണ്‍കുട്ടിയുമായി കറങ്ങി. ഇതിനിടയില്‍ രണ്ട് തവണ ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഷറഫലി പെണ്‍കുട്ടിക്ക് ഇത് മൊബൈലില്‍ അയച്ച് നല്‍കി. വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പൊലീസില്‍ പരാതിപ്പെട്ടാല്‍ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഇയാള്‍ വീട്ടുകാരേയും ഭീഷണിപ്പെടുത്തി. ശല്യം സഹിക്കാതെയായതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. വിദ്യാര്‍ത്ഥിയുടെ രണ്ടര പവന്‍ വരുന്ന മാല ഷറഫലി കൈക്കലാക്കിയിരുന്നു. 80,000 രൂപയ്ക്ക് ഒറ്റപ്പാലത്ത് ഇത് വിറ്റതായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്.