Asianet News MalayalamAsianet News Malayalam

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചമഞ്ഞ് വനിത ഡോക്ടറെ തട്ടികൊണ്ട് പോയി പണം കവർന്നു; രണ്ട് പേര്‍ റിമാന്‍റില്‍

തമിഴ്നാട്ടിലെ കമ്പം സർക്കാർ ആശുപത്രിയിലും ഏലപ്പാറയിലെ സ്വകാര്യ ക്ലിനിക്കിലും ജോലി ചെയ്യുന്ന വനിതാ ഡോക്ടറെയാണ്  ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടികൊണ്ട് പോയി ഭീഷണിപ്പെടുത്തി അൻപതിനായിരം രൂപ കവർന്നത്. 

two youths arrested for kidnapping Woman doctor in idukki
Author
Idukki, First Published Jan 27, 2022, 12:10 AM IST

ഇടുക്കി: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ (Crime branch officer) ചമഞ്ഞ് ഇടുക്കി ഏലപ്പാറയിൽ നിന്ന് വനിത ഡോക്ടറെ (Doctor) തട്ടികൊണ്ട് പോയി പണം കവർന്ന കേസിൽ പിടിയിലായ രണ്ട് പേരെ റിമാൻഡ് ചെയ്തു. കോട്ടയം പനച്ചിക്കാട് സ്വദേശി മനു യശോധരൻ, കരിന്തരുവി സ്വദേശി സാം കോര എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടിലെ കമ്പം സർക്കാർ ആശുപത്രിയിലും ഏലപ്പാറയിലെ സ്വകാര്യ ക്ലിനിക്കിലും ജോലി ചെയ്യുന്ന കനിമലർ എന്ന വനിതാ ഡോക്ടറെയാണ് മനുവും സാമും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടികൊണ്ടുപോയി (Kidnapping) ഭീഷണിപ്പെടുത്തി അൻപതിനായിരം രൂപ കവർന്നത്. 

വാടകയ്ക്കെടുത്ത ഇന്നോവ കാറിൽ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഏലപ്പാറയിലെ ക്ലിനിക്കിൽ ഇരുവരും എത്തിയത്. തിരുവനന്തപുരത്തു നിന്നുമെത്തിയ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്നും കേസന്വേഷണത്തിൻറെ ഭാഗമായാണ് എത്തിയതെന്നും ജീവനക്കാരോട് പറഞ്ഞു. ഡോക്ടർ കമ്പത്താണെന്ന് അറിയിച്ചപ്പോൾ ഒരു ജീവനക്കാരനെ വാഹനത്തിൽ കയറ്റി കമ്പത്തെ സർക്കാർ ആശുപത്രിയിലെത്തി. ഡോക്ടറുടെ പേരിൽ കേരളത്തിൽ കേസുണ്ടെന്നും ചോദ്യം ചെയ്യാൻ ഒപ്പം വരണമെന്നും ആവശ്യപ്പെട്ടു. 

ജീവനക്കാരനും ഡോക്ടറും ഇവർക്കൊപ്പം വാഹനത്തിൽ കയറി. കമ്പത്ത് നിന്നും കുമളിയിൽ എത്തുന്നതിനിടെ കേസിൽ നിന്നും ഒഴിവാക്കാമെന്നു പറഞ്ഞ് ഡോക്ടറിൽ നിന്നും 50,000 കൈക്കലാക്കി. തുടർന്ന് ഇരുവരെയും കുമളിയിൽ ഇറക്കി വിട്ടു. കബളിപ്പിക്കപ്പെട്ട കാര്യം മനസിലാക്കിയ ഡോക്ടർ പീരുമേട് ഡി.വൈ.എസ്.പി. സനിൽകുമാറിന് പരാതി നൽകി. തുടർന്ന് ഡിവൈ.എസ്.പിയുടെ സ്ക്വാഡ് അനേഷണം തുടങ്ങി. അന്വേഷണത്തിനിടെ ഇരുവരും സാം കോരയുടെ വീട്ടിലെത്തിയതായി വിവരം ലഭിച്ചു. 

പൊലീസിനെ കണ്ട് രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടി. തട്ടിപ്പ് നടന്ന ദിവസം തന്നെ ഇവർ ഉപയോഗിച്ചിരുന്ന ഇന്നോവ കാർ ഉപേക്ഷിച്ച് മറ്റൊരു കാർ വാടകക്ക് എടുത്തിരുന്നു. ഈ കാറിൽ നിന്നും എക്സൈസ് ഉദ്യോഗസ്ഥൻ ഉപയോഗിക്കുന്ന യൂണിഫോം, ബെൽറ്റ്, തൊപ്പി എന്നിവയും ബോർഡുകളും കണ്ടെടുത്തു. പിടിയിലായാവർക്ക് കേരളത്തിലെ മറ്റു പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. ഒന്നാം പ്രതി മനു കൊവിഡ് പോസിറ്റിവാണ്.

Follow Us:
Download App:
  • android
  • ios