മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിലാണ് മരുതൂര്‍ക്കോണം റോഡില്‍ താമസിക്കുന്ന സജികുമാര്‍ മൂന്നാം തീയതി കുത്തേറ്റ് കൊല്ലപ്പെട്ടത്.
തിരുവനന്തപുരം: വിഴിഞ്ഞം ഉച്ചക്കട കൊലപാതക കേസില്‍ (Uchakkada Murder) രണ്ടു പ്രതികള്‍ കൂടി അറസ്റ്റില്‍. മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് നാല്‍പ്പത്തിനാലുകാരനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് അറസ്റ്റിലായത്. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ ഓടിച്ചിട്ടാണ് പൊലീസ് പിടികൂടിയത്. ഇതോടെ കേസിലെ നാലു പ്രതികളും അറസ്റ്റിലായി.
വിഴിഞ്ഞം ഉച്ചക്കട കൊലപാതകത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന റജി, സുധീര്‍ എന്നീ പ്രതികളെയാണ് ഒളിവിലായിരുന്ന സ്ഥലത്തു നിന്നും പൊലീസ് ഓടിച്ചിട്ട് പിടികൂടിയത്. വെള്ളായണി കാര്‍ഷിക കോളജിന് സമീപം ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍. വിഴിഞ്ഞം എസ് ഐ കെ എല്‍ സമ്പത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് മരുതൂര്‍ക്കോണം റോഡില്‍ താമസിക്കുന്ന സജികുമാര്‍ കഴിഞ്ഞ മൂന്നാം തീയതി കുത്തേറ്റ് കൊല്ലപ്പെട്ടത്.
മദ്യപാനത്തിനിടയിലെ വാക്കേറ്റത്തെ തുടർന്ന് സജിയെ സുഹൃത്തുക്കൾ കുത്തുകയായിരുന്നു. ബിജു , രാജേഷ് എന്നീ പ്രതികളെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. രാജേഷിന്‍റെ വീട്ടിലെ കോഴിക്കൂടിന് മുകളില്‍ നിന്ന് സജികുമാറിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിരുന്നു. മറ്റ് രണ്ട് പ്രതികള്‍ സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്നു. കുത്തേറ്റ സജികുമാറിനെ ആദ്യം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
