അജ്മാൻ: കാമുകിക്ക് താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് 28 വയസ്സുള്ള അറബ് യുവാവ് യുവതിയെ ക്രൂരമായി കൊലപ്പെടുത്തി. അജ്മാനിലാണ് 34 വയസ്സുള്ള യുവതിയെ കുത്തി കൊലപ്പെടുത്തിയത്.  കഴിഞ്ഞ മൂന്നു വർഷമായി അറബ് യുവതിയുമായി താൻ പ്രണയത്തിലായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. എന്നാൽ, കഴിഞ്ഞ വർഷം മുതൽ യുവതിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും വലിയ മാറ്റം കണ്ടുതുടങ്ങി. ഇല്ലാത്ത പല കഥകളും അവർ പറയാൻ തുടങ്ങി. 

ഇതേ തുടർന്ന് യുവാവിന് സംശയം തോന്നുകയായിരുന്നു. ഇയാൾ ജോലി ചെയ്യുന്ന സെക്യൂരിറ്റി കമ്പനിയിലെ തന്നെ 43 വയസ്സുള്ള മറ്റൊരു വ്യക്തിയുമായി യുവതിക്ക് ബന്ധമുണ്ടെന്ന് പ്രതി സംശയിച്ചു. തുടർന്ന് ജോലി സ്ഥലത്ത് എത്തി ഇയാളെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സഹപ്രവർത്തകനുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട പ്രതി ഇയാളെയും ക്രൂരമായി മർദിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിനു ശേഷം പ്രതി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.

ജോലി സ്ഥലത്ത് എത്തിയ പ്രതി സഹപ്രവർത്തകനെ ക്രൂരമായി മർദിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു. ഇയാൾ മരിച്ചെന്നു കരുതി പ്രതി യുവതിയുടെ സ്ഥലത്തേക്ക് പോവുകയും അവിടെ വച്ച് കൊലപാതകം നടത്തുകയുമായിരുന്നു. 

സംഭവ ദിവസം ഇയാൾ ചോര പുരണ്ട കൈകളുമായി അൽ മദീന പൊലീസ് സ്റ്റേഷനിലേക്ക് വരികയായിരുന്നു. രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായി കാമുകിയെയും തന്റെ സഹപ്രവർത്തകനെയും കൊന്നുവെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

സഹപ്രവർത്തകൻ അതീവഗുരുതര നിലയിലാണ്. ഒരു സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ് പ്രതിയെന്ന് അജ്മാൻ പൊലീസ് ഡയറക്ടർ ഓഫ് സിഐഡി ലഫ് കേണൽ അഹമ്മദ് സയീദ് അൽ നുമൈമി പറഞ്ഞു.