Asianet News MalayalamAsianet News Malayalam

പ്രവാസിയുടെ ഭാര്യയും മക്കളും കൊല്ലപ്പെട്ട സംഭവം: 'പ്രതി എത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെ', അന്വേഷണം തുടരുന്നു

മാസ്‌ക് ധരിച്ചെത്തിയ വ്യക്തിയാണ് കൊലപാതകം നടത്തിയതെന്നും ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നും ഉഡുപ്പി എസ്പി.

udupi murder updates police says investigation is underway joy
Author
First Published Nov 12, 2023, 11:44 PM IST

മംഗളൂരു: കര്‍ണാടക ഉഡുപ്പിയില്‍ പ്രവാസിയുടെ ഭാര്യയെയും മക്കളെയും കുത്തി കൊന്ന സംഭവത്തില്‍ പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് അന്വേഷണ സംഘം. കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ തന്നെയാണ് പ്രതി വീട്ടിലെത്തിയതെന്നാണ് വിലയിരുത്തലെന്ന് പൊലീസ് പറഞ്ഞു. മോഷണം നടത്തുകയെന്ന ലക്ഷ്യം പ്രതിക്ക് ഉണ്ടായിരുന്നില്ല. പ്രവാസിയുടെ വീട്ടില്‍ നിന്ന് വില പിടിപ്പുള്ള വസ്തുക്കളൊന്നും മോഷ്ടിക്കപ്പെട്ടിട്ടില്ലെന്നും അന്വേഷണസംഘം അറിയിച്ചു.

ഇന്ന് രാവിലെ 8.30നും ഒന്‍പതിനുമിടയിലാണ് സംഭവം നടന്നത്. പ്രവാസിയായ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കളായ അഫ്സാന്‍(23), അസീം(14), അയനാസ്(20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നൂര്‍ മുഹമ്മദിന്റെ മാതാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

മാസ്‌ക് ധരിച്ചെത്തിയ വ്യക്തിയാണ് കൊലപാതകം നടത്തിയതെന്നും ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നും ഉഡുപ്പി എസ്പി അരുണ്‍ കുമാര്‍ പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്തിയിട്ടില്ല.വ്യക്തിവെെരാഗ്യമാണോ കൊലപാതകത്തിന് കാരണമെന്ന് അന്വേഷിക്കുന്നുണ്ട്. ഓട്ടോ റിക്ഷയില്‍ എത്തിയ യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. മാസ്‌ക് ധരിച്ചെത്തിയ യുവാവിനെ ഹസീനയുടെ വീടിന് സമീപത്ത് ഇറക്കിയെന്ന ഓട്ടോ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്ക് വേണ്ടി അന്വേഷണം തുടരുന്നതെന്നും പൊലീസ് അറിയിച്ചു. പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസി ടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഉഡുപ്പി എംഎല്‍എ അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു. 

ഓട്ടോ ഡ്രൈവറുടെ പ്രതികരണം ഇങ്ങനെ: 'മാസ്‌ക് ധരിച്ച് കറുത്ത ബാഗുമായി എത്തിയ യുവാവിനെ ഹസീനയുടെ വീടിന് സമീപത്ത് ഇറക്കി. എന്നിട്ട് താന്‍ മടങ്ങി. 15 മിനിറ്റിന് ശേഷം ഇയാളെ വീണ്ടും ഓട്ടോ സ്റ്റാന്‍ഡിന്റെ പരിസരത്ത് കണ്ടുമുട്ടി. ഇത്രയും പെട്ടെന്ന് മടങ്ങാനായിരുന്നെങ്കില്‍ സ്ഥലത്ത് കാത്തുനില്‍ക്കാമായിരുന്നുവെന്ന് താന്‍ അയാളോട് പറഞ്ഞു. എന്നാല്‍ അതിനോട് പ്രതികരിക്കാതെ യുവാവ് മറ്റൊരു ഓട്ടോ റിക്ഷയില്‍ കയറി ബൈപ്പാസ് ഭാഗത്തേക്ക് പോകുകയായിരുന്നുവെന്നും പിന്നീടാണ് കൊലപാതക വിവരം അറിഞ്ഞ'തെന്നും ഡ്രൈവര്‍ ശ്യാം മാധ്യമങ്ങളോട് പറഞ്ഞു. 

സൗദി അറേബ്യയിലാണ് ഹസീനയുടെ ഭര്‍ത്താവ് നൂര്‍ മുഹമ്മദ് ജോലി ചെയ്യുന്നത്. വിവരം അറിഞ്ഞ അദ്ദേഹം നാട്ടിലേക്ക് തിരിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

സ്‌കൂട്ടര്‍ യാത്രികരായ സ്ത്രീകളെ ഇടിച്ചു വീഴ്ത്തും, ശേഷം മോഷണം; ഒടുവില്‍ 'വിക്കി' പിടിയില്‍ 
 

Follow Us:
Download App:
  • android
  • ios