റാഞ്ചി: ജാർഖണ്ഡിലെ രാം​​ഗർ ജില്ലയിലാണ് സംഭവം. സെൻട്രൽ കോൾ ഫീൽഡ്സ് ലിമിറ്റഡ് ജീവനക്കാരനായ 55 കാരനെയാണ് മകൻ കൊലപ്പെടുത്തിയത്. പിതാവിന്റെ സർക്കാർ ജോലി ലഭിക്കാനായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. 

സിസിഎല്ലിലെ സെൻട്രൽ വർക്ക്ഷോപ്പിൽ ഹെഡ് സെക്യൂരിറ്റി ​ഗാർഡായി ജോലി ചെയ്ത് വരികയായിരുന്നു കൃഷ്ണ റാം. വ്യാഴാഴ്ച പുലർച്ചെയാണ് കൃഷ്ണയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. 

കൃഷ്ണയുടെ 35 വയസ്സുകാരനായ മൂത്ത മകനാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. കൃഷ്ണയുടെ മൊബൈൽ ഫോണും കൊല്ലാൻ ഉപയോ​ഗിച്ച ചെറിയ കത്തിയും പൊലീസ് കണ്ടെടുത്തു. 

പിതാവിന്റെ ജോലി ലഭിക്കാനാണ് താൻ കൊല ചെയ്തതെന്ന് മകൻ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. സർവ്വീസിലിരിക്കെ ജീവനക്കാരൻ മരിച്ചാൽ അയാളുടെ അടുത്ത ബന്ധുവിന് ജോലി നൽകുക എന്നത് സിസിഎല്ലിന്റെ നയമാണ്. ഇത് പ്രതീക്ഷിച്ചായിരുന്നു മകൻ കൃഷ്ണയെ കൊന്നത്.