കൊല്ലം: അഞ്ചലില്‍ അക്രമിസംഘം യുവാവിന്റെ കൈയും കാലും തല്ലിയൊടിച്ചു. അക്രമ കാരണവും അക്രമികളാരെന്ന കാര്യവും വ്യക്തമായിട്ടില്ല. മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പ്രതികളെ കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്.

അഞ്ചല്‍ മൈലോട്ട് കോണം സ്വദേശി നിസാറിനാണ് അക്രമി സംഘത്തിന്‍റെ മര്‍ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. തന്‍റെ പണിശാലയ്ക്കുളളില്‍ കിടന്നുറങ്ങുകയായിരുന്നു നിസാര്‍. വാതില്‍ പൊളിച്ച് അകത്തു കയറിയ അക്രമിസംഘം തടി കൊണ്ട് നിസാറിന്‍റെ കൈയും കാലും തല്ലിയൊടിക്കുകയായിരുന്നു. 

പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നിസാറിന്‍റെ പരുക്കുകള്‍ ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആരാണ് അക്രമിച്ചതെന്ന് നിസാറിനും അറിയില്ല. എന്താണ് മര്‍ദ്ദന കാരണമെന്നും വ്യക്തമല്ല. ഒട്ടേറെ അടിപിടി കേസുകളില്‍ പ്രതിയാണ് മര്‍ദനമേറ്റ നിസാര്‍. സ്വന്തം അമ്മയെ മര്‍ദിച്ച കേസടക്കം നിസാറിന്‍റെ പേരിലുണ്ടെന്നും പൊലീസ് പറയുന്നു.