ആലപ്പുഴ: വിരമിച്ച വനിതാ പ്രൊഫസറെ തോക്ക് കാണിച്ച ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട് അക്രമി. കൈവശം പണമില്ലെന്ന് വിശദമാക്കിയതോടെ വീണ്ടും വരുമെന്ന് ഭീഷണിപ്പെടുത്തി അക്രമി സ്ഥലം കാലിയാക്കി. ആലപ്പുഴ കോണ്‍വന്റ് സ്‌ക്വയറിന് കിഴക്ക് മത്സ്യഫെഡ് ഓഫിസിന് സമീപം പരുത്തിക്കാട് വീട്ടിലെ എണ്‍പത്തിയാറുകാരിയായ നിമ്മി കോശിക്കാണ് വിചിത്രാനുഭവം നേരിട്ടത്. 

മാസ്‌കും ഹെല്‍മറ്റും ധരിച്ചെത്തിയ അക്രമിയുടെ സംസാരവും പെരുമാറ്റവും പരിചയമുള്ള ആളിന്റേതായി തോന്നിയെന്ന് നിമ്മി പറയുന്നു. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. നിമ്മി കോശിയും സഹായിയായ സ്ത്രീയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്ന സമയത്താണ് അക്രമി വീട്ടിലെത്തിയത്. കൊറിയര്‍ നല്‍കാനുണ്ടെന്നു പറഞ്ഞായിരുന്നു ഇയാള്‍ വന്നത്. 

കയ്യില്‍ ഒരുകവര്‍ ഉണ്ടായിരുന്നെങ്കിലും കൊടുത്തില്ല. തുടക്കത്തില്‍ സൗമ്യമായി പെരുമാറിയ അക്രമി പിന്നീട് കതക് തള്ളിത്തുറന്ന് അകത്ത് കയറുകയായിരുന്നു. വിദേശത്തു ജോലി ചെയ്യുന്ന നിമ്മിയുടെ മരുമകനുമായി തന്റെ  മേലുദ്യോഗസ്ഥന് സാമ്പത്തിക ഇടപാട് ഉണ്ടെന്നും ആ ഇനത്തില്‍ 30 ലക്ഷം രൂപ തന്നെ ഏല്‍പിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ അതേക്കുറിച്ചു അറിയില്ലെന്ന് നിമ്മി പറഞ്ഞതോടെ ഇയാള്‍ തോക്കെടുത്ത് ബഹളം വക്കുകയായിരുന്നു.

തോക്കെടുത്ത് ചൂണ്ടി പണം തന്നേ പറ്റൂ എന്ന് അക്രമി ഭീഷണിപ്പെടുത്തി. തന്റെ പക്കല്‍ പണം ഇല്ലെന്നു നിമ്മി തീര്‍ത്തു പറഞ്ഞപ്പോള്‍ ബാങ്കില്‍നിന്നു നാളെത്തന്നെ പണം എടുത്തുവയ്ക്കണമെന്നു ആജ്ഞാപിച്ചിട്ട് അക്രമി ഇറങ്ങിപ്പോകുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമിയെ കണ്ടുപിടിക്കാന്‍ അന്വേഷണം തുടങ്ങി.