ദില്ലി: മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്‍റ്റ്‍ലിയുടെ ശവസംസ്കാര ചടങ്ങില്‍ കേന്ദ്രമന്ത്രിയുടേതടക്കം മൊബൈല്‍ ഫോണുകള്‍ മോഷണം പോയി. കേന്ദ്ര പരിസ്ഥിതി സഹമന്ത്രി ബാബുല്‍ സുപ്രിയോ, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവരുടേതടക്കം അഞ്ച് ഫോണുകളാണ് ചടങ്ങിനിടെ നഷ്ടപ്പെട്ടത്. സുപ്രിയോയുടെ സെക്രട്ടറിയുടെ ഫോണും നഷ്ടമായി.തിരക്കേറിയ സമയത്താണ് പോക്കറ്റടിക്കപ്പെട്ടതെന്ന് സുപ്രിയോ പറഞ്ഞു.  ഓരോ 15 മിനിറ്റ് കൂടുമ്പോഴും ഓരോരുത്തരുടെ ഫോണുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരുന്നു.

ഇക്കാര്യത്തില്‍ പൊലീസിനെ കുറ്റപ്പെടുത്താനാകില്ല. ഹാളില്‍ കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കേണ്ടിയിരുന്നു. എന്തായാലും ഒരുകലാകാരനെന്ന നിലയില്‍ പോക്കറ്റടിക്കാരനെ ഞാന്‍ അഭിനന്ദിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിനിടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടത് സംബന്ധിച്ച് അ‍ഞ്ച് പരാതികള്‍ ലഭിച്ചതായി ദില്ലി പൊലീസ് അറിയിച്ചു. കുറ്റവാളിയെ ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.