തൃശ്ശൂര്‍: വടക്കാഞ്ചേരിയില്‍ വാഴത്തോട്ടം സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. ഏങ്കക്കാട് സ്വദേശി ജിന്റോയുടെ തോട്ടത്തിലെ വാഴകളാണ് കമ്പിപ്പാര ഉപയോഗിച്ച് നശിപ്പിച്ചത്.

ഇന്ന് രാവിലെ വെള്ളം നനയ്ക്കാന്‍ എത്തിയപ്പോഴാണ് വാഴകള്‍ നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടത്. ഇരുന്നൂറോളം ചെങ്ങാലിക്കോടന്‍ വാഴകളാണ് ഉണ്ടായിരുന്നത്. മിക്കവയും കുലച്ചത്. കമ്പിപ്പാര ഉപയോഗിച്ച് പിണ്ടിയില്‍ കുത്തിയിളക്കിയ നിലയിലായിരുന്നു.

വാഴ ചീയാനാണ് ഇങ്ങനെ ചെയ്തത്. വാഴക്കൃഷിയെക്കുറിച്ച് നല്ല അറിവുള്ളവരാണ് അക്രമം നടത്തിയതെന്ന് പൊലീസ് കരുതുന്നു. വടക്കാഞ്ചേരി എസ്‌ഐ. ബിന്ദുലാല്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വ്യക്തി വൈരാഗ്യം കാരണമാണോ തോട്ടം നശിപ്പിച്ചതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.