ഉന്നാവ്: ബലാത്സംഗക്കേസ് പ്രതികൾ ചുട്ടെരിച്ച് കൊന്ന ഇരുപത്തിമൂന്നുകാരിയായ ആ യുവതിയ്ക്ക് ഉന്നാവ് വിട നൽകി. ഭട്ടിൻ ഖേഡ എന്ന ഗ്രാമത്തിൽ ആയിരക്കണക്കിന് പേരെ സാക്ഷിയാക്കി യുവതിയുടെ മൃതദേഹം സംസ്കരിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വരാതെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കില്ലെന്ന് കുടുംബം നിലപാടെടുത്തെങ്കിലും പിന്നീട് പൊലീസും ജില്ലാ ഭരണകൂടവുമെത്തി അവരെ അനുനയിപ്പിച്ചു. കുടുംബത്തിന് സുരക്ഷ നൽകുമെന്നും വേഗത്തിൽ വിചാരണ നടക്കുമെന്നും ഉറപ്പ് നൽകിയ ശേഷമാണ് മൃതദേഹം ഉച്ചയ്ക്ക് 12.30-ഓടെ സംസ്കരിച്ചത്. 

ആരാണ് ഞങ്ങൾക്ക് സുരക്ഷ നൽകുക? കുടുംബം ചോദിക്കുന്നു

ഉന്നാവിലെ യുവതിയ്ക്ക് നേരെ ആക്രമണമുണ്ടായി, മരണശേഷം മാത്രം പ്രതികരിച്ച യോഗി ആദിത്യനാഥിനെതിരെ രൂക്ഷമായ വിമർശനമാണ് കുടുംബം ഉന്നയിക്കുന്നത്. ബിജെപി എംഎൽഎയായിരുന്ന കുൽദീപ് സിംഗ് സെംഗാറിനെതിരെ ബലാത്സംഗപ്പരാതി നൽകിയ യുവതിയ്ക്ക് ഉണ്ടായ ദുരനുഭവം അവർക്ക് മറക്കാനാകുന്നില്ല. അതേ അനുഭവം സ്വന്തം കുടുംബത്തിനുമുണ്ടാകുമെന്ന് അവർക്ക് ഭയമുണ്ട്. 

അതുകൊണ്ട് തന്നെയാണ് മുഖ്യമന്ത്രി നേരിട്ടെത്തി ഉറപ്പുകൾ നൽകണമെന്ന് അവർ ആവശ്യപ്പെട്ടതും. ലഖ്നൗവിലെത്തി ശനിയാഴ്ചയോടെ മുഖ്യമന്ത്രിയെ കാണാൻ സൗകര്യമൊരുക്കാമെന്ന് ഉന്നാവ് ജില്ലാ ഭരണകൂടം പറഞ്ഞെങ്കിലും അവർ വഴങ്ങാൻ തയ്യാറല്ലായിരുന്നു. മുഖ്യമന്ത്രി ഇങ്ങോട്ട് വന്ന് കാണണം. ഇതിന് മറുപടി പറയണം. ആവശ്യങ്ങൾ അംഗീകരിക്കണം - കുടുംബം ആവശ്യപ്പെട്ടു. എസ്പിയും ജില്ലാ മജിസ്ട്രേറ്റും ചർച്ച നടത്തിയിട്ടും ഫലമുണ്ടായില്ല. 

തലേന്ന് കുടുംബത്തെ കാണാനെത്തിയ മന്ത്രിമാർക്കെതിരെ കടുത്ത ജനരോഷം ഇരമ്പിയതിനെത്തുടർന്ന് അവർക്ക് തിരിച്ച് പോകേണ്ടി വന്നിരുന്നു. സമാനമായ സ്ഥിതി വീണ്ടും ഉടലെടുക്കുമെന്ന് കണ്ടപ്പോൾ വീടിന് സുരക്ഷ കൂട്ടി. കൂടുതൽ പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചു.

ഒടുവിൽ ഐജിയും സ്പെഷ്യൽ കമ്മീഷണറും വന്ന് കുടുംബാംഗങ്ങളെ കണ്ടു. രണ്ട് മണിക്കൂർ നീണ്ട ചർച്ച നടത്തി. കുടുംബത്തിന് സുരക്ഷ, കുടുംബാംഗങ്ങളിലൊരാൾക്ക് തൊഴിൽ, വേഗത്തിലുള്ള വിചാരണ എന്നിവ ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് യുവതിയുടെ മൃതദേഹം സംസ്കരിക്കാൻ കുടുംബം അനുവദിച്ചത്. 

നീതി അകലെയാണെന്ന് കുടുംബാംഗങ്ങൾ ഇപ്പോഴും പറയുന്നു. ആരുണ്ട് ഞങ്ങൾക്ക് എന്ന് ചോദിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് നൽകുന്നത് ഉന്നാവിൽ നിന്ന് നേരിട്ടുള്ള തത്സമയവിവരങ്ങളാണ്. അഞ്ജുരാജും വസീം സെയ്‍ദിയും ചേർന്ന് തയ്യാറാക്കിയ ഞങ്ങളുടെ റിപ്പോർട്ടുകൾ കാണാം:

വ്യാഴാഴ്ച രാവിലെ ബലാത്സംഗക്കേസ് വിചാരണ നടക്കുകയായിരുന്ന കോടതിയിലേക്ക് പോവുകയായിരുന്നു യുവതി. ഇതിനിടെയാണ് ഉന്നാവിൽ യുവതിയുടെ ഗ്രാമത്തിന് പുറത്ത് വച്ച് കേസിലെ (ഒളിവിലായിരുന്നു എന്ന് പറയപ്പെടുന്ന പ്രതികൾ) പട്ടാപ്പകൽ ഇവരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. തീ കൊളുത്തുന്നതിന് മുമ്പ് അവരെ മർദ്ദിച്ച പ്രതികൾ, ദേഹത്ത് പല തവണ കുത്തുകയും ചെയ്തിരുന്നു. തീ കൊളുത്തിയതോടെ അലറിക്കരഞ്ഞ യുവതി ഓടിയത് അരക്കിലോമീറ്ററോളമാണ്. 

ആശുപത്രിയിലേക്ക് പോകുംവഴിയും ഇവർക്ക് സ്വബോധമുണ്ടായിരുന്നു. തന്നെ ആക്രമിച്ച അഞ്ച് പേരെക്കുറിച്ചും യുവതി മജിസ്ട്രേറ്റിന് മൊഴി നൽകിയിട്ടുമുണ്ട്.

''പുലർച്ചെ നാല് മണിക്ക് വീടിനടുത്തുള്ള റയിൽവേ സ്റ്റേഷനിൽ നിന്ന് റായ്ബറേലിക്കുള്ള ട്രെയിൻ പിടിക്കാൻ പോവുകയായിരുന്നു ഞാൻ. അഞ്ച് പേർ അവിടെ എന്ന് കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ആദ്യം അവരെന്നെ വളഞ്ഞു. കാലിൽ അടിച്ചു. കഴുത്തിൽ കത്തികൊണ്ട് കുത്തി. അതിന് ശേഷം ദേഹത്ത് പെട്രോളൊഴിച്ചു. എന്‍റെ ദേഹത്ത് തീ കൊളുത്തി'', ഉന്നാവിലെ ആശുപത്രിക്കിടക്കയിൽ വച്ച് യുവതി മൊഴി നൽകി.

യുവതിയെ ബലാത്സംഗം ചെയ്ത ശിവം ത്രിവേദി, ശുഭം ത്രിവേദി അടക്കമുള്ള പ്രതികൾ കേസിൽ ജാമ്യത്തിലിറങ്ങിയത് അഞ്ച് ദിവസം മുമ്പാണ്. ഇതിന് ശേഷമാണ് ഇവർ യുവതിയെ ആസൂത്രണം ചെയ്ത് ആക്രമിച്ചത്. അറസ്റ്റിലായ അഞ്ച് പ്രതികളും ഇപ്പോൾ റിമാൻഡിലാണ്.