Asianet News MalayalamAsianet News Malayalam

ഉത്തർ പ്രദേശിൽ വീണ്ടും കൂട്ടബലാൽസംഗം; ക്രൂരതയ്ക്ക് ഇരയായത് 14കാരി

  • കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ ചുട്ടെരിച്ച് കൊന്ന വാര്‍ത്തയുടെ നടുക്കം വിട്ടുമാറും മുൻപാണ് ഈ രണ്ട് സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
  • കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ പ്രതികൾ ചുട്ടെരിച്ച് കൊന്ന സംഭവത്തിൽ പ്രതികരണവുമായി യുവതിയുടെ സഹോദരൻ രംഗത്തെത്തി
UP 14 year old gangraped four in custody
Author
Lucknow, First Published Dec 7, 2019, 9:54 AM IST

ലഖ്നൗ: ഉത്തര്‍പ്രദേശിൽ വീണ്ടും കൂട്ടബലാത്സംഗം റിപ്പോര്‍ട്ട് ചെയ്തു. ബുലന്ദ്ഷെഹറിൽ 14കാരിയായ പെൺകുട്ടിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് അക്രമികള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ നാല് പേരെ പൊലീസ് പിടികൂടിയതായാണ് വിവരം.

ഈ മാസം മൂന്നാം തീയ്യതിയാണ് കൂട്ടബലാത്സംഗം അരങ്ങേറിയത്. സംഭവത്തിൽ പിടിയിലായ മൂന്ന് പേരും പ്രായപൂര്‍ത്തിയെത്താവരാണെന്നാണ് വിവരം. ഇന്ന് രാവിലെ ഉന്നാവില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടിയിരുന്നു. കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ ചുട്ടെരിച്ച് കൊന്ന വാര്‍ത്തയുടെ നടുക്കം വിട്ടുമാറും മുൻപാണ് ഈ രണ്ട് സംഭവങ്ങളുമെന്നത് രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കുന്നതാണ്. 

ഈ സംഭവങ്ങൾക്ക് പുറമെ ബിഹാറിൽ അഞ്ച് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന വാര്‍ത്തയും ഇന്ന് പുറത്തുവന്നു. സംഭവത്തിൽ ടെംപോ ഡ്രൈവറായ ഒരാളെ അറസ്റ്റ് ചെയ്തു. ഇയാള്‍ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.

അതേസമയം കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ പ്രതികൾ ചുട്ടെരിച്ച് കൊന്ന സംഭവത്തിൽ പ്രതികരണവുമായി യുവതിയുടെ സഹോദരൻ രംഗത്തെത്തി. സംഭവത്തിൽ കുറ്റാക്കാരായ എല്ലാ പ്രതികളെയും വധശിക്ഷയ്ക്ക് വിധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

"എന്റെ സഹോദരി ഇപ്പോൾ ഞങ്ങൾക്ക് ഒപ്പമില്ല. എന്റെ ഒരേയൊരു ആവശ്യം ആ അഞ്ച് പ്രതികൾക്കും വധശിക്ഷ നൽകണം എന്ന് മാത്രമാണ്," ദില്ലിയിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹത്തിൽ പോസ്റ്റ്മോര്‍ട്ടം പരിശോധന തുടങ്ങി. ഉത്തര്‍പ്രദേശിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടറടക്കം മൂന്ന് പേരാണ് ദില്ലിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിൽ പോസ്റ്റ്മോര്‍ട്ടം പരിശോധന നടത്തുന്നത്. 

ബലാത്സംഗ കേസിന്‍റെ വിചാരണക്കായി കോടതിയിലേക്ക് പോകവേയാണ് വ്യാഴാഴ്ച, പ്രതികള്‍ 23കാരിയായ യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് ഇവര്‍ മരണത്തിന് കീഴടങ്ങിയത്. യുവതി മരിച്ചതായി രാത്രി 11.40 ന് ആശുപത്രി അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മരണത്തിന് മുമ്പ് പെണ്‍കുട്ടി മജിസ്ട്രേറ്റിന് പ്രതികളെക്കുറിച്ച് മൊഴി നല്‍കിയെന്നാണ് സൂചന. 

11.10ന് യുവതിക്ക് ഹൃദയാഘാതമുണ്ടായതായും 11.40ന് മരിക്കുകയും ചെയ്തെന്ന് ഡോ. ശലഭ് കുമാര്‍ പറഞ്ഞു. 

90ശതമാനം പൊള്ളലേറ്റ യുവതി ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള സാധ്യത വിരളം എന്ന് മെഡിക്കൽ ബോർഡ്‌ പരിശോധനകൾക്ക് ശേഷം വ്യക്തമാക്കിയിരുന്നു. തീ കൊളുത്തുന്നതിന് മുമ്പ് തന്നെ മര്‍ദിച്ചെന്നും കത്തികൊണ്ട് ആക്രമിച്ചെന്നും യുവതി പൊലീസിനും മൊഴി നല്‍കിയിരുന്നു. 

വ്യാഴാഴ്ച വൈകിട്ടാണ് ഇവരെ ലക്നൗവില്‍ നിന്ന് ദില്ലിയിലെത്തിച്ചത്.

ആദ്യം ഉന്നാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ നില ഗുരുതരമായതിനാല്‍ പിന്നീട് ലക്നൗ സിവിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്നാണ് ഇവരെ ദില്ലിയിലെ സഫ്ദ‍ര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ബേണ് ആൻഡ്‌ പ്ലാസ്റ്റിക്‌ സർജറി ബ്ലോക്കിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

ഡോ ശലഭ് കുമാറിന്റെ നേതൃത്വത്തിൽ ഏഴംഗ മെഡിക്കൽ ബോര്‍ഡാണ് യുവതിയെ പരിശോധിച്ചത്. കേസിൽ യുവതിയെ ആക്രമിച്ച ആഞ്ച് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശിവം ത്രിവേദി, ശുഭം ത്രിവേദി, ഹരിശങ്കര്‍, ഉമേഷ്, റാം കിഷോര്‍ എന്നിവരാണ് പ്രതികൾ. ഇതിൽ ശിവം ത്രിവേദിയും ശുഭം ത്രിവേദിയും യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലും പ്രതികളാണ്.

കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. അച്ഛന്റെ വീട്ടിലെത്തിയ യുവതിയെ പ്രതികൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കേസിൽ റായ് ബറേലി കോടതിയിൽ വിചാരണയ്ക്കായി പോകുമ്പോഴാണ് വ്യാഴാഴ്ച ഇവരെ പ്രതികൾ ഉൾപ്പെട്ട സംഘം ആക്രമിച്ചത്. കേസിൽ നിന്ന് പിന്മാറാനുള്ള പ്രതികളുടെ ഭീഷണി വകവയ്ക്കാതിരുന്നതാണ് കൊലപാതകത്തിന് കാരണം. യുവതിയെ ഉന്നാവ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ആളൊഴിഞ്ഞ പാടത്തേക്ക് കൂട്ടിക്കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം യുവതി ഒരു കിലോമീറ്ററോളം ഓടിയെന്നാണ് പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകൾ. 

Follow Us:
Download App:
  • android
  • ios