അലിഗഢ്: ലൈംഗിക പീഡനത്തിനിരയായ 17കാരി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. മൂന്ന് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ശേഷം വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യാശ്രമം. ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പിസ്വ പൊലീസ് സ്റ്റേഷനിലാണ് ബന്ധുക്കള്‍ പരാതിയുമായി എത്തിയത്. പൊലീസില്‍ പരാതി നല്‍കിയതിന് ശേഷം പ്രതികളിലൊരാളുടെ കുടുംബത്തില്‍ നിന്ന് നിരന്തരം ഭീഷണി നേരിടുന്നതായി കുടുംബം ആരോപിച്ചു. കേസ് പിന്‍വലിക്കാന്‍ പൊലീസ് നിര്‍ബന്ധിക്കുന്നതായും ഇവര്‍ ആരോപിച്ചു. 

നവംബര്‍ ആറിനാണ് കേസിനാസ്പദമായ സംഭവം. പ്ലസ് വണ്ണില്‍ പഠിക്കുന്ന പെണ്‍കുട്ടി വീട്ടിലേക്ക് വരുന്ന വഴി ബൈക്കിലെത്തിയ മൂവര്‍ സംഘം പെണ്‍കുട്ടിയെ ബലമായി വയലിലേക്ക് വലിച്ചിഴച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. തങ്ങളുടെ ഫോണ്‍ കോള്‍ എടുത്തില്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. പെണ്‍കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് സംഭവം പറഞ്ഞു. അവര്‍ പൊലീസിനെ സമീപിച്ചു. പിറ്റേ ദിവസമാണ് പ്രതികളിലൊരാള്‍ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചത്. പരാതി നല്‍കുന്നതിനെ പൊലീസ് നിരുത്സാഹപ്പെടുത്തിയെന്നും കുടുംബം ആരോപിച്ചു. കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്തതായി എസ്പി ശുഭം പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ മൂന്ന് സംഘത്തെ നിയോഗിച്ചു.