കുളുവിലേക്കുള്ള യാത്രക്കിടയിലും വിവാഹത്തെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. പ്രകോപിതനായ പ്രതി യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാട്ടിൽ തള്ളുകയായിരുന്നു.

ഗാസിയാബാദ്: ലിവ് ഇന്‍ റിലേഷനിലായിരുന്ന യുവതിയെ കൊലപ്പെടുത്തി വനത്തില്‍ ഉപേക്ഷിച്ച യുവാവ് ഏഴ് മാസത്തിന് ശേഷം പിടിയില്‍ഏഴ് മാസം മുമ്പ് നടന്ന കൊലപാതകം മിസ്സിംഗ് കേസ് ആക്കി മാറ്റിയ പ്രതിയുടെ ശ്രമങ്ങളെ പൊലീസ് പൊളിച്ചത് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഇന്ദിരാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ രാമന്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. രാമനും കൊല്ലപ്പെട്ട യുവതിയും ഏറെ കാലമായി ലിവ് ഇന്‍ റിലേഷനിലാണ്. ഇവര്‍ക്ക് രണ്ടു വയസുകാരിയായ ഒരു മകളുമുണ്ട്. കുട്ടി ആയതോടെ വിവാഹം കഴിക്കണമെന്ന് യുവതി രാമനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ ചൊല്ലി ഇരുവരും വഴക്കുമുണ്ടായി. ഇതിനിടെയാണ് രാമന്‍ യുവതിക്കും മകള്‍ക്കുമൊപ്പം ഹിമാചല്‍ പ്രദേശിലെ കുളുവിലേക്ക് വിനോദ യാത്ര പുറപ്പെട്ടത്.

കുളുവിലേക്കുള്ള യാത്രക്കിടയിലും വിവാഹത്തെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. പ്രകോപിതനായ പ്രതി യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാട്ടിൽ തള്ളുകയായിരുന്നു. യാത്രക്കിടെ പങ്കാളിയെ കാണാതായെന്ന് കാട്ടി പ്രതി കഴിഞ്ഞ മെയ് 20ന് ഇന്ദിരാപുരം പൊലീസില്‍ പരാതി നല്‍കി. പരാതിയില്‍ പൊലീസ് അന്വേഷം നടത്തി വരവെ ഇരുവരും തമ്മില്‍ വിവാഹത്തെ ചൊല്ലി വഴക്കുണ്ടായിരുന്നതായി വിവരം ലഭിച്ചു.

തുടര്‍‌ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്താവുന്നത്. ഇരുവരുടെയും മൊബൈല്‍ ഫോണുകളും പൊലീസ് പരിശോധിച്ചിരുന്നു. ചാറ്റില്‍ നിന്നും ലഭിച്ച വിവരങ്ങളും കേസിലെ നിര്‍ണായക തെളിവായി. തുടര്‍ന്ന് പൊലീസ് രാമനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. കൊലപാതകം നടന്ന സ്ഥലവും മൃതദേഹം ഉപേക്ഷിച്ച വനത്തെക്കുറിച്ചും പ്രതി പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുളുവനടുത്തുള്ള വനത്തില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. കേസില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ഗാസിയാബാദ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ദീക്ഷ ശർമ്മ പറഞ്ഞു .

രാജ്യത്തെ ഞെട്ടിച്ച ശ്രദ്ധ വാക്കര്‍ കൊലപാതകത്തിന് പിന്നാവെയാണ് പൊലീസ് ഈ കേസിലും കൊലപാതക സാധ്യതകള്‍ പരിശോധിച്ചത്. കഴിഞ്ഞ മെയ് 18നാണ് അഫ്താബ് പൂനാവാല എന്ന യുവാവ് തന്‍റെ പങ്കാളിയായ ശ്രദ്ധ വാക്കറിനെ ദില്ലിയിലെ ഫ്ലാറ്റിൽ വെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി‌ ശേഷം ശരീരം 35 കഷ്ണങ്ങളാക്കി മൂന്നാഴ്ചയോളം ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം വിവധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചത്. ഈ സംഭവത്തിന് ശേഷം മിസ്സിംഗ് കേസുകളില്‍ പൊലീസ് ജാഗ്രത പുലര്‍ത്തിയിരുന്നു.

Read More : പാരാഗ്ലൈഡിങ്ങിനിടെ സുരക്ഷാ ബെല്‍റ്റ് പൊട്ടി; യുവാവ് 500 അടി ഉയരത്തിൽ നിന്ന് വീണ് മരിച്ചു