സംഭവത്തിന് ശേഷം യുവാവ് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്നും കുടുംബം പറഞ്ഞു. യുവാവിനെ മര്‍ദ്ദിക്കുന്ന 90 സെക്കന്റ് വീഡിയോ പ്രചരിച്ചു. 

ലഖ്‌നൗ: വാക്‌സിനേഷന്‍ കേന്ദ്രത്തില്‍വെച്ച് മര്‍ദ്ദനമേറ്റ യുവാവ് ആത്മഹത്യ ചെയ്തു. യുപിയിലെ ഭഗ്പത് ജില്ലയിലാണ് സംഭവം. സംഭവത്തില്‍ 5 പൊലീസുകാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തു. ഇവരെ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി. വീടിന്റെ സമീപത്തെ മരത്തിലാണ് യുവാവ് ആത്മഹത്യ ചെയ്തത്. കാരണമൊന്നുമില്ലാതെ പൊലീസുകാര്‍ മര്‍ദ്ദിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

സംഭവത്തിന് ശേഷം യുവാവ് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്നും കുടുംബം പറഞ്ഞു. യുവാവിനെ മര്‍ദ്ദിക്കുന്ന 90 സെക്കന്റ് വീഡിയോ പ്രചരിച്ചു. വാക്‌സിനേഷന്‍ കേന്ദ്രത്തിലെ ജീവനക്കാര്‍ പേര് വിളിച്ചിട്ടും മകനെ ഉള്ളിലേക്ക് പ്രവേശിപ്പിക്കാന്‍ പൊലീസ് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പ്രശ്‌നമുണ്ടായതെന്ന് യുവാവിന്റെ പിതാവ് പറഞ്ഞു.

'തള്ളി നിലത്ത് വീഴ്ത്തിയതിന് ശേഷം ചവിട്ടുകയും ലാത്തികൊണ്ട് അടിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം വൈകുന്നേരം പൊലീസ് സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തി. പിന്നീട് മകനെ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് കണ്ടത്'-അദ്ദേഹം പറഞ്ഞു. ആരോപിതരായ പൊലീസുകാരെ ജോലിയില്‍ നിന്ന് നീക്കിയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരം പറയാനാകൂവെന്നും ഭാഗ്പത് എസ്പി അഭിഷേക് സിങ് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona