ലഖ്‌നൗ: ഉത്തരേന്ത്യയെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല.  യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച് 22 കാരനെ രാത്രിയില്‍ വീട്ടില്‍ നിന്ന് വലിച്ചിറിക്കി മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിന് പിന്നില്‍ അയല്‍ക്കാരാണെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ വീട്ടിലെ യുവതിയുമായി യുവാവിന് ബന്ധമുണ്ടെന്നാരോപിച്ചാണ് കൊലപാതകം. സംഭവത്തില്‍ യുവതിയുടെ പിതാവടക്കം രണ്ട് പേര്‍ അറസ്റ്റിലായി. സുരക്ഷാ പ്രശ്‌നം മുന്‍നിര്‍ത്തി വന്‍ പൊലീസ് സന്നാഹമാണ് ഗ്രാമത്തില്‍ ഏര്‍പ്പെടുത്തിയത്.  

രാത്രിയില്‍ യുവാവിന്റെ വീട്ടിലെത്തിയ സംഘം യുവാവിനെ വലിച്ചിഴച്ച് പുറത്തിറക്കി മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന് നേരെയും ആക്രമണമുണ്ടായി. മൂന്ന് വാഹനങ്ങളും അഗ്നിക്കിരയാക്കി. പൊലീസുകാര്‍ക്കും പരിക്കേറ്റു. 

അംബികാ പ്രസാദ് പട്ടേല്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്ക് അയല്‍വീട്ടിലെ യുവതിയുമായി കഴിഞ്ഞ ഒരു വര്‍ഷമായി ബന്ധമുണ്ടായിരുന്നു. യുവതിയുടെ വീട്ടുകാര്‍ക്ക് ബന്ധത്തെ അനുകൂലിച്ചിരുന്നില്ല. ബന്ധത്തിന്റെ പേരില്‍ യുവാവിനെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം യുവതിക്ക് പൊലീസ് സേനയില്‍ നിയമനം ലഭിച്ച് കാണ്‍പൂരില്‍ പോസ്റ്റിങ്ങുമായി. ഇതിനിടയില്‍ യുവതിയും യുവാവുമൊത്തുള്ള ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതാണ് വീട്ടുകാരെ പ്രകോപിതരാക്കിയത്. 
ഫോട്ടോ പ്രചരിപ്പിച്ചതിന് പിന്നില്‍ യുവാവാണെന്ന് പറഞ്ഞ് യുവതിയും വീട്ടുകാരും പൊലീസില്‍ പരാതി നല്‍കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മെയ് ഒന്നിനാണ് യുവാവ് ജയില്‍ മോചിതനായത്.