ഭാഗ്പത്(യുപി): ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീല സന്ദേശമയച്ചെന്ന് ആരോപിച്ച് അധ്യാപിക വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ ഭാഗ്പതിലാണ് സംഭവം. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നു. ടൈംസ് നൗവാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. 

ഓണ്‍ലൈന്‍ ക്ലാസിനിടെ മോശമായ സന്ദേശങ്ങള്‍ അയച്ചെന്ന് ആരോപിച്ചാണ് വലിയ വടി ഉപയോഗിച്ച് അധ്യാപിക രണ്ട് കുട്ടികളെ മര്‍ദ്ദിച്ചത്. തറയിലിരിക്കുന്ന കുട്ടികളുടെ തലയിലും പിന്നിലും അധ്യാപിക മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അധ്യാപികയുടെ ആരോപണം വിദ്യാര്‍ത്ഥികള്‍ നിരസിക്കുന്നതും വ്യക്തമാണ്.

എന്നാല്‍, ഇവര്‍ മോശമായ വാക്കുപയോഗിച്ച് സന്ദേശമയച്ചെന്ന് വീഡിയോ ചിത്രീകരിക്കുന്നയാള്‍ അധ്യാപികയോട് പറയുന്നുണ്ട്. അശ്ലീല സന്ദേശം അയച്ചിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുമ്പോഴും ഇവര്‍ മര്‍ദ്ദനം തുടര്‍ന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.