ബാറില്‍ നിന്നും പുറത്തിറങ്ങിയ സമന്ത ജോസഫ്സണ്‍ ഊബര്‍ ആണെന്ന് കരുതി കൊലയാളിയുടെ ടാക്സിയില്‍ കയറുകയായിരുന്നെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു

 സൗത്ത് കരോലിന: യുഎസില്‍ ഊബര്‍ ടാക്സിയാണെന്ന് തെറ്റിദ്ധരിച്ച് കൊലയാളിയുടെ കാറില്‍ കയറിയ കോളേജ് വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു. 21-കാരിയായ സമന്ത ജോസഫ്സണാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. സംഭവത്തില്‍ ഇരുപത്തിനാലുകാരന്‍ നതാനിയേല്‍ റൗലൻഡിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

യുഎസിലെ തെക്കന്‍ കരോലിനയില്‍ വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. രാത്രി ഏറെ വൈകിയിട്ടും സമന്തയെ കാണാത്തതിനാല്‍ സുഹൃത്തുക്കള്‍ പൊലീസില്‍ വിവരം അറിയിച്ചു. അന്വേഷണത്തില്‍ സമന്തയെ അവസാനമായി കണ്ടത് കൊളംബിയയിലെ ഒരു ബാറിലായിരുന്നു എന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ മൃതദേഹം അകലെയുള്ള വിജനമായ പ്രദേശത്ത് കണ്ടെത്തുകയായിരുന്നു. 

ബാറില്‍ നിന്നും പുറത്തിറങ്ങിയ സമന്ത ജോസഫ്സണ്‍ ഊബര്‍ ആണെന്ന് കരുതി കൊലയാളിയുടെ ടാക്സിയില്‍ കയറുകയായിരുന്നെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഞായറാഴ്ച രാവിലെയോടെ കൊലയാളിയുടേതെന്ന് സംശയിക്കുന്ന വാഹനം പൊലീസ് കണ്ടെത്തി. കാറിന്‍റെ ഡിക്കിയില്‍ രക്തം പുരണ്ടിട്ടുണ്ട്. ഇത് സമന്തയുടേതാകാമെന്നാണ് പൊലീസിന്‍റെ നിഗമനം. കൊലയാളിയായ നതാനിയലിനെ പിന്‍തുടര്‍ന്ന അന്വേഷണ സംഘം ഇയാളെ വിദഗ്ധമായി കീഴ്പ്പെടുത്തുകയായിരുന്നു. കൊലയുടെ കാരണം വ്യക്തമല്ല.