ലോസ് ഏഞ്ചല്‍സ്: കളിത്തോക്ക് ചൂണ്ടിയ 17കാരിയെ അക്രമിയെന്ന് സംശയിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ വെടിവച്ചുകൊന്നു. കാലിഫോര്‍ണിയയിലെ അനാഹിമിലാണ് സംഭവം. ഹന്ന വില്യംസ് എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. ഉദ്യോഗസ്ഥന്‍റെ യൂണിഫോമില്‍ ഘടിപ്പിച്ചിരുന്ന കാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ഹന്നയുടെ എസ്‍യുവി കാര്‍ അമിത വേഗത്തില്‍ പോയതിനാണ് പൊലീസ് വണ്ടി തടയാന്‍ ശ്രമിച്ചത്. 

അതിവേഗത്തില്‍ പാഞ്ഞ കാര്‍ പൊലീസ് വാഹനവുമായി ഇടിക്കുകയും ചെയ്തു. തുടര്‍ന്നാണ് പൊലീസുകാരന്‍ തോക്കുമായി പുറത്തിറങ്ങിയത്. പൊലീസ് പുറത്തിറങ്ങിയതോടെ പെണ്‍കുട്ടി കളിത്തോക്ക് ചൂണ്ടി. ഇതോടെ അക്രമിയാണെന്ന് സംശയിച്ച് പെലാലീസ് ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ത്തു. കാലിലും  നെഞ്ചിലും വെടിയേറ്റ ഹന്നയ്ക്ക് പൊലീസ് തന്നെ പ്രഥമചികിത്സ നല്‍കി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹന്നയുടെ കയ്യിലുണ്ടായിരുന്നത് കളിത്തോക്കാണെന്ന് പിന്നീട് വ്യക്തമായി.

ഹന്ന മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടുന്നതായും രക്തസമ്മര്‍ദ്ദം സംബന്ധിച്ച പ്രശ്നങ്ങളുള്ള ആളാണെന്നും ബന്ധുക്കള്‍ പിന്നീട് വ്യക്തമാക്കി. ഹന്ന കാറുമായി പോയ വിവരം പിതാവ് പൊലീസിനെ അേതസമയം തന്നെ അറിയിച്ചിരുന്നു. മൂന്ന് മണിക്കൂറായി കാണാനില്ലെന്നായിരുന്നു പരാതി.