കൊല്ലം: ഉത്ര കൊലക്കേസിൽ പ്രതികളായ ഭർത്താവ് സൂരജിന്‍റെയും പാമ്പുപിടിത്തക്കാരനായ സുരേഷിന്‍റെയും കസ്റ്റഡി കാലാവധി നീട്ടി. പുനലൂർ കോടതിയാണ് പ്രതികളുടെ കസ്റ്റഡി കാലാവധി അഞ്ച് ദിവസം കൂടി നീട്ടിയത്. സമാനതകളില്ലാത്ത കേസായതിനാൽ പ്രതികളെ കൂടുതൽ കസ്റ്റഡിയിൽ വേണമെന്ന അന്വേഷണസംഘത്തിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു. ഉത്രയുടെ ഭർത്താവ് സൂരജിനെ അഞ്ചലിലെയും അടൂരിലെയും വീടുകളിലും പാമ്പിനെ കൈമാറിയ ഏനാത്തുമടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സുരേഷിനെയും അഞ്ചൽ ഒഴികെ ബാക്കിയുള്ള ഇടങ്ങളിലെല്ലാം കൊണ്ടുപോയി തെളിവെടുത്തു. 

ചോദ്യം ചെയ്യലിൽ സൂരജ് കുറ്റങ്ങൾ സമ്മതിച്ചിട്ടുണ്ട്. പക്ഷേ നിരവധി കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്. അടൂരിലെ വീട്ടിൽ ഉത്ര ആദ്യം കണ്ടത് ചേരയെയാണെന്നാണ് സൂരജ് ആവർത്തിച്ച് പറയുന്നത്. ഉത്രയെ മയക്കാനായി നൽകിയ ഗുളികകളിൽ ഒന്ന് ഡോളോയാണ്. മറ്റേത് ഏത് ഗുളികയാണെന്ന് വ്യക്തമായിട്ടില്ല. മൂന്ന് ഗുളികകളുടെ പേരാണ് സൂരജ് പറയുന്നത്. സൂരജിന്‍റെ ബാഗില്‍ നിന്നും ഉറക്കഗുളികളും വേദനസംഹാരികളും പൊലീസ് കണ്ടെടുത്തിരുന്നു. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയാണ് സൂരജ് ഗുളികകള്‍ വാങ്ങിയത്. ഗുളികകള്‍ നല്‍കിയ മെഡിക്കല്‍ സ്റ്റോര്‍ ഉടമയെ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്. അടൂരിലെ വീട്ടിലെ തെളിവെടുപ്പ് നടക്കുന്നതിനിടയിലാണ് സൂരജിന്‍റെ ബാഗില്‍ നിന്ന് ഉറക്കഗുളികകളുടെ ഒഴിഞ്ഞ സ്ട്രിപ്പുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചത്. ഉപയോഗിക്കാത്ത സ്ട്രിപ്പുകളും ഇതിനോടൊപ്പമുണ്ടായിരുന്നു. ഉറക്കഗുളികള്‍ കൂടാതെ കടുത്ത വേദന സംഹാരികളും പൊലീസ് കണ്ടെടുത്തു. അടൂരുള്ള മെഡിക്കല്‍ സ്റ്റോറില്‍ നിന്നുമാണ് ഗുളികകള്‍ വാങ്ങിയതെന്ന് സൂരജ് അന്വേഷണ സംഘത്തിനോട് പറഞ്ഞു. ഡോക്ടറുടെ കുറിപ്പ് ഇല്ലാതെയാണ് ഉറക്കഗുളികകള്‍ നല്‍കിതെന്ന് മെഡിക്കല്‍ സ്റ്റോര്‍ ഉടമ അന്വേഷണ സംഘത്തെ അറിയിച്ചു.

Read more atപാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതിന് മുമ്പ് ഉത്രയ്ക്ക് ഉറക്കഗുളിക നൽകിയിരുന്നു; കൂടുതൽ വിവരങ്ങൾ പുറത്ത്

കെമിക്കൽ പരിശോധനാഫലം വരുന്നതോടെ ഇക്കാര്യത്തിൽ പൂർണ വ്യക്തത വരും. സയന്‍റിഫിക് റിപ്പോർട്ട്, പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് എന്നിവ വേഗത്തിൽ ലഭിക്കാൻ കത്ത് നൽകിയിട്ടുണ്ടെന്നും റൂറൽ എസ് പി ഹരിശങ്കർ വ്യക്തമാക്കി. 

ഉത്രയെ പാമ്പ് കടിച്ച മുറിയില്‍ നിന്നും ഫോറന്‍സിക് വിദഗ്ദർ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. കേസിലെ രണ്ടാം പ്രതി സുരേഷിന്‍റെ ബന്ധുക്കളെ അന്വേഷണ സംഘം വിളിച്ച് വരുത്തി മൊഴിയെടുത്തു. സൂരജിന്‍റെ കുടുംബാംഗങ്ങളെ വൈകാതെ ചോദ്യം ചെയ്യും. ഇവർക്കെതിരെ ഗാർഹികപീഡനനിരോധനനിയമപ്രകാരം കേസെടുത്തിരുന്നു. അറസ്റ്റുണ്ടായെന്ന് മനസ്സിലായപ്പോൾ മുന്‍കൂർജാമ്യം നേടാന്‍ സൂരജ് അഭിഭാഷകരെ സമീപിച്ചിരുന്നുവെന്ന് പൊലീസിന് വ്യക്തമായിട്ടുമുണ്ട്.