കൊല്ലം: സൂരജ് പാമ്പിനെ വീട്ടിൽ കൊണ്ടു വന്ന വിവരം അറിയാമായിരുന്നു എന്ന് അമ്മയുടെയും സഹോദരിയുടെയും മൊഴി. എന്നാൽ കൊലപാതകത്തെ കുറിച്ചു അറിവില്ലായിരുന്നു എന്നും ഇവർ മൊഴി നൽകി. എന്നാൽ ഇതു അന്വേഷണ സംഘം വിശ്വാസത്തിൽ എടുത്തിട്ടില്ല. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇരുവരെയും വിട്ടയച്ചെങ്കിലും വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ. ഒടുവിൽ പാമ്പിനെ കൊണ്ടു വന്ന വിവരം അറിയാമെന്നു സമ്മതിച്ചു.പക്ഷെ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് ഇരുവരും ആവർത്തിച്ചു.സ്വർണം കുഴിച്ചിട്ട കാര്യവും അറിഞ്ഞിരുന്നെന്നു 'അമ്മ രേണുക സമ്മതിച്ചു. രേണുകയെയും സൂരജിന്റെ സഹോദരി സൂര്യയെയും വീണ്ടും ചോദ്യം ചെയ്യും. തെളിവ് നശിപ്പിച്ചതിനും ഗാർഹിക പീഡനത്തിനും ഇവർക്കെതിരെ മതിയായ തെളിവ് ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. 

വീണ്ടും ചോദ്യം ചെയ്‌ത ശേഷം തുടർ നടപടികൾ സ്വീകരിക്കും.അതേസമയം സൂരജിന്‍റെ അച്ഛൻ സുരേന്ദ്രനെ കൂട്ടി കൂടുതൽ ഇടങ്ങളിൽ തെളിവെടുപ്പ് നടത്തും. ഉത്രയുടെ സ്വർണം സൂക്ഷിച്ചിരുന്ന ലോക്കർ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.സൂരജിൻറെ പറക്കോട്ടെ വീട്ടിൽ വീണ്ടും തെളിവെടുപ്പ് നടത്തും. അതേസമയം കഴിഞ്ഞ ദിവസം സൂറഞ്ഞിന്റെ വീട്ടു പറമ്പിൽ നിന്നും കണ്ടെത്തിയ സ്വർണം ഉത്രയുടേതാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.

സാഹചര്യ തെളിവുകൾ മാത്രമുള്ള ഈ അപൂർവ കൊലപാതക കേസ് കോടതിയ്റ്റിലെത്തുമ്പോൾ ദുര്‍ബലമാകരുതെന്ന നിർബന്ധം അന്വേഷണ സംഘത്തിനുണ്ട്. അതുകൊണ്ടുതന്നെ പഴുതടച്ച കുറ്റപത്രം കോടതിയിലെത്തിക്കാനാണ് തീരുമാനം.