Asianet News MalayalamAsianet News Malayalam

'പാമ്പിനെക്കുറിച്ചുള്ള വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യാനാണ്': സൂരജ് പറഞ്ഞത് ഇങ്ങനെ

സൂരജിന്‍റെ പറക്കോട്ടെ വീട്ടില്‍ പാമ്പുമായി ചില സ്നേഹിതർ എത്തിയിരുന്നവെന്നും പാമ്പിനെ സൂരജ് കൈകൊണ്ട് എടുത്തിരുന്നുവെന്നും ഉത്ര അച്ഛനോടും അമ്മയോടും പറഞ്ഞിരിന്നതായും പൊലീസിന് മൊഴി ലഭിച്ചിരുന്നു.

Uthra murder case sooraj snake master connection revealed
Author
Anchal, First Published May 24, 2020, 2:28 PM IST

കൊല്ലം: കൊല്ലത്ത് അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റു മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പതിനായിരം രൂപ നല്‍കിയാണ് ഇയാള്‍ മൂര്‍ഖന്‍ പാമ്പിനെ സുഹൃത്തായ പാമ്പ് പിടുത്തക്കാരനില്‍ നിന്ന് വാങ്ങിയത്. പാമ്പിനെക്കുറിച്ചുള്ള വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യാനായിരുന്നുവെന്നാണ് സൂരജ് പാമ്പാട്ടിയെ വിശ്വസിപ്പിച്ചിരുന്നത്. പോലീസ് ചോദ്യം ചെയ്യലില്‍ ഭര്‍ത്താവ് സൂരജിന്റെ കുറ്റസമ്മത മൊഴിയോടെയാണ് ഉത്രയുടെ(25) മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.

ആറ് മാസമായി സൂരജിന് പാമ്പാട്ടികളായ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നതായി അന്വേഷണത്തിനിടെ കൃത്യമായ വിവരം ലഭിച്ചു. കല്ലുവാതക്കല്‍ സ്വദേശിയായ സുരേഷ് എന്ന പാമ്പാട്ടിയുമായി സുരേഷിന് അടുത്ത ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയതാണ് കേസില്‍ സുപ്രധാന വഴിത്തിരിവായത്.

ആറ് മാസം ഇവര്‍ തമ്മില്‍ നടത്തിയ ഫോണ്‍ വിളികളുടെ വിവരങ്ങള്‍ മുന്നില്‍ വച്ചുള്ള ചോദ്യം ചെയ്യലില്‍ സൂരജിന്‍റെ എല്ലാ പ്രതിരോധവും തകര്‍ന്ന് അവസാനം കുറ്റസമ്മതം നടത്തേണ്ടി വരികയായിരുന്നു. പതിനായിരം രൂപയ്ക്കാണ് കൊടുവിഷമുള്ള മൂര്‍ഖനെ സുരേഷിന്‍റെ കൈയില്‍ നിന്ന് സൂരജ് വാങ്ങിയത്.

സൂരജിന്‍റെ പറക്കോട്ടെ വീട്ടില്‍ പാമ്പുമായി ചില സ്നേഹിതർ എത്തിയിരുന്നവെന്നും പാമ്പിനെ സൂരജ് കൈകൊണ്ട് എടുത്തിരുന്നുവെന്നും ഉത്ര അച്ഛനോടും അമ്മയോടും പറഞ്ഞിരിന്നതായും പൊലീസിന് മൊഴി ലഭിച്ചിരുന്നു. ഇതോടെ സൂരജിന്‍റെ ഇങ്ങനെയുള്ള സുഹൃത്തുക്കളെ തേടി അന്വേഷണസംഘം ഇറങ്ങുകയായിരുന്നു.

ഇങ്ങനെയാണ് സുരേഷും സൂരജും തമ്മിലുള്ള ബന്ധം പുറത്ത് വന്നത്. ജനലിലൂടെ പാമ്പ് കയറിയെന്ന സൂരജിന്‍റെ മൊഴി ശാസ്ത്രീയമായി അന്വേഷണ സംഘം പൊളിച്ചു. ഇക്കഴിഞ്ഞ ഏഴാം തിയതിയാണ് പാമ്പ് കടിയേറ്റ് അഞ്ചൽ സ്വദേശിനിയായ ഉത്ര മരിച്ചത്. ദിവസങ്ങൾക്കിടെ രണ്ടു തവണ പാമ്പ് കടിയേറ്റായിരുന്നു ഉത്രയുടെ മരണം.

ആദ്യ വട്ടം പാമ്പ് കടിയേറ്റ ശേഷം വീട്ടില്‍ പരിചരണത്തില്‍ കഴിയുന്നതിനിടയില്‍ മെയ് ആറിന് വീണ്ടും പാമ്പിന്‍റെ കടിയേറ്റാണ് ഉത്ര മരിച്ചത്. ആ ദിവസം യുവതിയുടെ ഭർത്താവ് സൂരജും വീട്ടില്‍ ഉണ്ടായിരുന്നു. യുവതിയുടെ മരണം സ്ഥിരീകരിച്ച സമയത്ത് സൂരജ് കാണിച്ച അസ്വഭാവികതയാണ് സംശയങ്ങള്‍ക്ക് വഴിവച്ചത്. ഭർത്താവ് സൂരജാണ് കൊലയ്ക്ക് പിന്നിലെ മുഖ്യപ്രതി. പണം കൊടുത്ത് വാങ്ങിയ പാമ്പിനെ ഉപയോഗിച്ച് കടിപ്പിക്കുകയായിരുന്നുവെന്ന് സൂരജ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios