Asianet News MalayalamAsianet News Malayalam

ഉത്ര വധക്കേസില്‍ വിധി നാളെ; പരമാവധി ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍

ജീവനുളള ഒരു വസ്തു കൊലപാതകത്തിനുളള ആയുധമായി ഉപയോഗിച്ചു എന്നതാണ് ഉത്ര വധ കേസിന്‍റെ ഏറ്റവും വലിയ സവിശേഷത.

Uthra Murder Case verdict to announce tomorrow
Author
Kollam, First Published Oct 10, 2021, 12:21 PM IST

കൊല്ലം: കേരള മനസാക്ഷിയെ പിടിച്ചുലച്ച അഞ്ചല്‍ ഉത്ര വധക്കേസില്‍ (uthra murder case) കോടതിയുടെ വിധി പ്രഖ്യാപനം നാളെ. ഒരു വര്‍ഷത്തോളം നീണ്ട വിചാരണയ്ക്കൊടുവിലാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി പ്രഖ്യാപനം എത്തുന്നത്. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന ഭര്‍ത്താവ് സൂരജിന് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം.

സ്വത്തിന് വേണ്ടി സ്വന്തം ഭാര്യയെ ഭര്‍ത്താവ് മുര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുക. ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ അപൂര്‍വതകള്‍ ഏറെ നിറഞ്ഞ കേസിലാണ് നാളെ കോടതിയുടെ വിധി വരുന്നത്. 87 സാക്ഷികള്‍ നല്‍കിയ മൊഴികളും 288 രേഖകളുമാണ് അന്വേഷണം സംഘം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 40 തൊണ്ടിമുതലുകളും അപഗ്രഥിച്ച ശേഷമാണ് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് വിധി പ്രഖ്യാപനത്തിനൊരുങ്ങുന്നത്.

ജീവനുളള ഒരു വസ്തു കൊലപാതകത്തിനുളള ആയുധമായി ഉപയോഗിച്ചു എന്നതാണ് ഉത്ര വധ കേസിന്‍റെ ഏറ്റവും വലിയ സവിശേഷത. പ്രതിയായ സൂരജിന്‍റെ കുറ്റസമ്മത മൊഴിക്കപ്പുറം ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാന്‍ പൊലീസ് നടത്തിയ ഡമ്മി പരീക്ഷണമടക്കമുളള വേറിട്ട അന്വേഷണ രീതികളും ഏറെ ചര്‍ച്ചയായിരുന്നു.

വിചാരണയുടെ തുടക്കം മുതല്‍ താന്‍ നിരപരാധിയെന്ന അവകാശവാദമാണ് പ്രതി സൂരജ് കോടതിക്കു മുന്നില്‍ ഉയര്‍ത്തിയത്. എന്നാല്‍ ശാസ്ത്രീയമായ തെളിവുകളുടെ സമാഹരണത്തിലൂടെ സൂരജിന്‍റെ വാദങ്ങള്‍ പൊളിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് പ്രോസിക്യൂഷന്‍. അതുകൊണ്ടു തന്നെ പരമാവധി ശിക്ഷയെന്ന ആവശ്യം കോടതി അംഗീകരിക്കുമെന്നും പ്രോസിക്യൂഷനും അന്വേഷണ സംഘവും പ്രതീക്ഷിക്കുന്നു.

Follow Us:
Download App:
  • android
  • ios