Asianet News MalayalamAsianet News Malayalam

വീട്ടുജോലിക്കെത്തിച്ച 14 കാരിയെ പൊള്ളിച്ചു, ബെല്‍റ്റുകൊണ്ട് അടിച്ചു; ഡോക്ടറും ഭാര്യയും റിമാന്‍ഡില്‍

രക്ഷിതാക്കളില്ലാത്ത പെണ്‍കുട്ടിയെ സംരക്ഷിക്കാനാണ് ഒപ്പം കൊണ്ടുവന്നതാണെന്നും പെണ്‍കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവകള്‍ നേരത്തെയുണ്ടായിരുന്നതാണെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. എന്നാല്‍ മുറിവുകള്‍ പഴക്കമുള്ളതല്ലെന്ന് വ്യക്തമാക്കുന്ന വൈദ്യ പരിശോധനാ ഫലം പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.

uttar pradesh native doctor and wife in Kerala remanded for torturing teen maid from Bihar
Author
First Published Sep 23, 2022, 12:58 AM IST

പന്തീരാങ്കാവ്: കോഴിക്കോട് പന്തീരങ്കാവില്‍ വീട്ടുജോലിക്ക് നിര്‍ത്തിയ 14കാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അറസ്റ്റിലായ അലിഗഡ് സ്വദേശികളായ ദമ്പതിമാരെ കോഴിക്കോട് മജിസ്ട്രേറ്റ് കോടതി റിമാന്‍റ് ചെയ്തു. ഇരുവരും സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കിയ ശേഷം നാട്ടിലെത്തിക്കാനുള്ള നടപടി ചൈല്‍ഡ് ലൈനും തുടരുകയാണ്.

വീട്ടു ജോലിക്ക് നിര്‍ത്തിയ ബീഹാര്‍ സ്വദേശിയായ 14വയസുകാരിയെ ക്രൂരമായി മര്‍ദിച്ച കേസിലാണ് അലിഗഡ് സ്വദേശികളായ ഡോക്ടര്‍ മിര്‍സാ മുഹമ്മദ് കമറാനേയും ഭാര്യ റുഹാനയേയും പന്തീരങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. രക്ഷിതാക്കളില്ലാത്ത പെണ്‍കുട്ടിയെ സംരക്ഷിക്കാനാണ് ഒപ്പം കൊണ്ടുവന്നതെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. പെണ്‍കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവകള്‍ നേരത്തെയുണ്ടായിരുന്നതാണെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. 

എന്നാല്‍ മുറിവുകള്‍ പഴക്കമുള്ളതല്ലെന്ന് വ്യക്തമാക്കുന്ന വൈദ്യ പരിശോധനാ ഫലം പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ജാമ്യാപേക്ഷ തള്ളിയ കോടതി ഇരുവരേയും 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. ഇവരുടെ ഒരു വയസ് പ്രായമുള്ള കുട്ടി ജയിലില്‍ റുഹാനക്കൊപ്പമാണുള്ളത്. മറ്റു മൂന്ന് കുട്ടികളേയും ബന്ധുക്കള്‍ക്കൊപ്പം അയച്ചു. അതേ സമയം വെള്ളിമാടുകുന്ന് ബാലികാ മന്ദിരത്തില്‍ കഴിയുന്ന കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്തനുള്ള ശ്രമം ചൈല്‍ഡ് ലൈന്‍ അധികൃതര്‍ തുടങ്ങിയിട്ടുണ്ട്. 

ബീഹാറിലെ ബാലക്ഷേമ സമിതി അധികൃതരുമായി ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ബന്ധപ്പെട്ടു.ബന്ധുക്കളെ കണ്ടെത്തി നാട്ടിലെത്തിക്കാനാണ് ചൈല്‍ഡ് ലൈന്‍റെ ശ്രമം. പൊലീസും ഇതിനായി ശ്രമം തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് നഗരത്തിലെ പ്രമുഖ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായ മിര്‍സാ മുഹമ്മദ് കുട്ടികളെ നോക്കാനും വീട്ടു ജോലിക്കുമായാണ് പെണ്‍കുട്ടിയെ കൊണ്ടു വന്നത്.

കുട്ടിയുടെ ശരീരത്തിൽ ബെൽറ്റ് കൊണ്ട് അടിച്ച അടയാളങ്ങളും പൊള്ളിച്ചപാടുകളും കണ്ട അയൽവാസികളാണ് ചൈൽഡ് ലൈനിൽ വിവരമറിയിച്ചത്. തുടര്‍ന്നാണ് പോലീസ് ഫ്ലാറ്റില്‍ പരിശോധന നടത്തിയത്. കൃത്യമായി ജോലി ചെയ്യുന്നില്ലെന്നാരോപിച്ചാണ് മര്‍ദ്ദിച്ചതെന്ന് കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു. കുട്ടിയെ റുഹാന ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതായും അന്വേഷണത്തില്‍ വ്യക്തമായി.ഇതിനു പിന്നാലെയാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

Read More : വയനാട്ടില്‍ മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

Follow Us:
Download App:
  • android
  • ios