വടകര: എംടിഎം തട്ടിപ്പ് നടത്തിയതിന് പിന്നിൽ ദില്ലി സ്വദേശികളെന്ന് വടകര പൊലീസ്. തട്ടിപ്പ് നടത്തിയത് എടിഎമ്മിനുള്ളിൽ സ്കിമ്മറും രഹസ്യ ക്യാമറകളും സ്ഥാപിച്ച്. പ്രതികളുടെ താമസസ്ഥലത്ത് നിന്ന് വ്യാജ എടിഎം കാർഡുകളും ഉപകരണങ്ങളും പിടിച്ചെടുത്തു. 

അക്കൗണ്ട് ഉടമയുടെ എടിഎം കാർഡ് വിവരങ്ങളും പിൻ നമ്പറും ചോർത്തി പണം തട്ടുന്ന രീതിയായിരുന്നു വടകരയിൽ നടന്നത്. ആസൂത്രിതമായുള്ള തട്ടിപ്പിന് പിന്നില്‍ സാങ്കേതിക വിദ്യയില്‍ അറിവുള്ളവരാണെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. തുടർന്ന് എടിഎമ്മുകളിൽ നടത്തിയ പരിശോധനയിലാണ് സ്കിമ്മറും രഹസ്യ ക്യാമറകളും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയത്. 

തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചവർ ദില്ലി സ്വദേശികളാണെന്ന പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് ദില്ലി പൊലീസിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതികളുടെ താമസസ്ഥലത്ത് നിന്ന് വ്യാജ എടിഎം കാർഡുകളും സ്കിമ്മർ ഉപകരണങ്ങളും പിടിച്ചെടുത്തു. എന്നാൽ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. എടിഎം കാർഡ് ഇടുന്ന ഭാഗത്ത് കാർഡ് റീഡർ പോലെയുള്ള സ്കിമ്മർ സ്ഥാപിച്ച് കാർഡിന്‍റെ മാഗ്നറ്റിക് ചിപ്പ് റീഡ് ചെയ്താണ് തട്ടിപ്പ് നടത്തിയത്.

എടിഎം സെന്‍ററിനുള്ളിൽ രഹസ്യ ക്യാമറ സ്ഥാപിച്ചാണ് പിൻനമ്പർ മനസ്സിലാക്കിയതെന്നും പൊലീസ് പറഞ്ഞു.. പ്രതികളുടെ താമസസ്ഥലത്ത് നിന്ന് ക്യാമറകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടെന്ന് കാണിച്ച് 11 പേരാണ് ഇതുവരെ വടകര പെലീസിൽ പരാതി നൽകിയത്. 1,85,000 ത്തില്‍ അധികം രൂപയാണ് ഇവരുടെ അക്കൗണ്ടുകളില്‍ നിന്ന് നഷ്ടപ്പെട്ടത്.