2015 ഒക്ടോബറിലാണ് വളാഞ്ചേരിയിലെ വീട്ടിൽ വച്ച് വിനോദ് കുമാറിനെ ശരീരത്തിലാകമാനം വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ ജസീന്തയ്ക്കും കഴുത്തിൽ വെട്ടേറ്റിരുന്നു.
വളാഞ്ചേരി : 2015 ഒക്ടോബർ. മലപ്പുറം പ്രത്യേകിച്ച് വളാഞ്ചേരിക്കാർ ഞെട്ടിത്തരിച്ച ദിവസമായിരുന്നു. ഗ്യാസ് ഏജൻസി ഉടമയായ വിനോദ് കുമാർ കൊല്ലപ്പെട്ട കാര്യം നാട്ടുകാർ അറിയുന്നു. അന്വേഷണത്തിനൊടുവിൽ പിടിയിലായതാകട്ടെ വിനോദിന്‍റെ ഭാര്യ ജസീന്തയും സുഹൃത്ത് മുഹമ്മദ് യൂസഫ്. ഏറെ പ്രമാദമായ കേസിൽ, പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടിരിക്കുകയാണ്. കേസ് സംശയാസ്പദമായി തെളിയിക്കാൻ പ്രോസിക്യൂഷനായില്ലെന്ന് വിലയിരുത്തിയാണ് നടപടി.
2015 ഒക്ടോബറിലാണ് വളാഞ്ചേരിയിലെ വീട്ടിൽ വച്ച് വിനോദ് കുമാറിനെ ശരീരത്തിലാകമാനം വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ ജസീന്തയ്ക്കും കഴുത്തിൽ വെട്ടേറ്റിരുന്നു. വീട്ടിൽ നിന്ന് 3.40 ലക്ഷം രൂപ നഷ്ടപ്പെട്ടു. ഭാര്യ ജ്യോതി എന്ന ജസീന്ത സുഹൃത്ത് മുഹമ്മദ് യൂസഫിനെ ഉപയോഗിച്ച് നടത്തിയ കൊലപാതകാണിതെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തൽ.
കൊല്ലപ്പെട്ട വിനോദിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഇതിലൊരു കുട്ടിയുണ്ട്. ഈ സ്ത്രീ വീണ്ടും ഗർഭിണിയായതോടെ വിനോദിന്‍റെ സ്വത്തുക്കൾ ഭാഗിക്കേണ്ടി വരുമോ എന്ന ഭീതിയിൽ കൊല നടത്തിയെന്നായിരുന്നു പൊലീസിന്‍റെ വാദം. യൂസഫ് രാത്രി വീട്ടിൽ കയറി വിനോദിനെ ആക്രമിച്ച് 32 തവണ വെട്ടി കൊലപ്പെടുത്തി.
കവർച്ചയ്ക്കിടെ നടന്ന കൊലപാതകം എന്ന് വരുത്തി തീർക്കാൻ വീട്ടിൽ നിന്ന് പണം മോഷ്ടിച്ചു. സംശയിക്കാതിരിക്കാൻ ജസീന്തയുടെ കഴുത്തിലും വെട്ടി. പൊലീസിന്‍റെ കണ്ടെത്തൽ ശരിവച്ച് ഇരുവരെയും വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇതിൽ പ്രതികൾ നൽകിയ അപ്പീലിലാണ് ശിക്ഷ ഹൈക്കോടതി റദ്ദാക്കിയത്.
സാഹചര്യ തെളിവുകളടക്കം ശാസ്ത്രീയമായി ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, കൗസർ എടപ്പഗത്ത് എന്നിവടങ്ങിയ ബഞ്ച് കണ്ടെത്തി. പ്രതികളെ ഉടൻ മോചിപ്പിക്കണമെന്ന് ഉത്തരവിലുണ്ട്. ഇറ്റലി സ്വദേശിയായ ജസീന്ത അറസ്റ്റിലായത് മുതൽ ജാമ്യമില്ലാതെ ജയിലിൽ കഴിയുകയാണ്.
