പ്രതിക്കെതിരെ ചുമത്തിയ കൊലപാതകം, പീഡനം, തെളിവ് നശിപ്പിക്കൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുക എന്നീ കുറ്റങ്ങൾ തെളിഞ്ഞുവെന്നും കോടതി പറഞ്ഞു
കൊച്ചി: കൊച്ചിയിൽ സ്കൂള്‍ വിദ്യാര്‍ഥിനിയായ പതിനേഴ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി മരട് സ്വദേശി സഫർ ഷാ കുറ്റക്കാരനെന്ന് കോടതി. സ്കൂൾ വിദ്യാർത്ഥിയും,നാലര മാസം ഗർഭിണിയുമായ പെൺകുട്ടിയെ മലക്കപ്പാറയിൽ വെച്ച് അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് എറണാകുളം പോക്സോ കോടതിയുടെ വിധി. പ്രതിയുടെ ശിക്ഷയിൽ ഉച്ചയ്ക്ക് ശേഷം കോടതി വിധി പറയും. പ്രതിക്കെതിരെ ചുമത്തിയ കൊലപാതകം, പീഡനം, തെളിവ് നശിപ്പിക്കൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുക എന്നീ കുറ്റങ്ങൾ തെളിഞ്ഞുവെന്നും കോടതി വ്യക്തമാക്കി.
സ്കൂൾ വിദ്യാർത്ഥിയും, നാലര മാസം ഗർഭിണിയുമായ പെൺകുട്ടിയെ മലക്കപ്പാറയിൽ വെച്ച് അതിക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 ജനുവരി മാസത്തിലായിരുന്ന് കേസിനാസ്പദമായ സംഭവം. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് മോഷ്ടിച്ച വാഹനത്തിലാണ് പെൺകുട്ടിയെ സ്കൂളിലേക്ക് പോകും വഴി പ്രതി കടത്തി കൊണ്ട് പോയത്. പെൺകുട്ടി സൗഹൃദത്തിൽ നിന്ന് പിന്മാറിയതിൽ തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും വൈകിട്ടു തന്നെ തിരികെ കൊണ്ടുവിടാമെന്നും പറഞ്ഞ് നിർബന്ധിച്ചാണ് സഫര്‍ ഷാ കുട്ടിയെ വാഹനത്തില്‍ കയറ്റിയത്. എന്നാൽ, യാത്രാമധ്യേ കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് ഇയാൾ പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
കൊല്ലപ്പെടുമ്പോള്‍ നാലര മാസം ഗര്‍ഭിണിയായിരുന്നു പെൺകുട്ടി. മൃതദേഹം കേരള-തമിഴ്നാട് അതിർത്തിയിലെ തേയിലത്തോട്ടത്തിൽ ഉപേക്ഷിച്ചു. പിന്നീട് വാൽപ്പാറയ്ക്കുസമീപം കാർ തടഞ്ഞാണ് സഫർഷായെ പൊലീസ് അറസ്റ്റുചെയ്തത്. സ്കൂൾ യൂണിഫോമിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. സ്കൂളിലേക്ക് പോയ മകൾ മടങ്ങി വരാത്തതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കളാണ് കൊച്ചി സെൻട്രൽ പൊലീസിൽ പരാതി നൽകിയത്. സഫർഷാ മകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തിയെന്നും പിന്തുടർന്ന് ഉപദ്രവിച്ചിരുന്നതായും അച്ഛൻ പൊലീസിന് മൊഴി നൽകിയിരുന്നു. തുടർന്ന് തമിഴ്നാട് പൊലീസുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

