Asianet News MalayalamAsianet News Malayalam

'മാഡത്തിനെ അവര് റെഡിയാക്കി, നിലവിളിച്ചിട്ടും ആരും വന്നില്ല', കോടതി അക്രമത്തിൽ വിതുമ്പി സാക്ഷി

'ഏത് പൊലീസ് വന്നാലും ഞാൻ പറയും. അന്ന് അവിടെയുണ്ടായ അക്രമം. അയ്യോ, എനിക്ക് ആലോചിക്കാൻ വയ്യ', എന്ന് കേസിലെ സാക്ഷിയായ ലതാകുമാരി. 

vanchiyoor court attack witness response to asianet news
Author
Thiruvananthapuram, First Published Nov 30, 2019, 11:40 AM IST

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ വനിതാ ജഡ‍്ജിയെ ആക്രമിച്ച അഭിഭാഷകർ കോടതിമുറിയിൽ കാട്ടിക്കൂട്ടിയത് അതിരുവിട്ട അക്രമമെന്ന് സാക്ഷിയായ ലതാകുമാരി. മജിസ്ട്രേറ്റിന്‍റെ ചേംബറിലേക്ക് അഭിഭാഷകർ ഇരച്ചു കയറി. അവർ 'മാഡത്തിനെ റെഡിയാക്കി' എന്നാണ് ലതാകുമാരി പറയുന്നത്. കതകടച്ചാണ് അഭിഭാഷകർ അക്രമം കാണിച്ചത്. തന്നെയും അഭിഭാഷകർ ആക്രമിച്ചു. ഇത് ഏത് പൊലീസ് വന്നാലും പറയാൻ തയ്യാറാണെന്നും ലതാകുമാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലതാകുമാരിയെ വാഹനിമിടിച്ച് പരിക്കേൽപിച്ച പ്രതിയുടെ ജാമ്യം നിഷേധിച്ചതിലായിരുന്നു മജിസ്ട്രേറ്റിനെതിരെ അഭിഭാഷകർ പ്രതിഷേധിച്ചത്.

ലതാകുമാരിയുടെ വാക്കുകൾ ഇങ്ങനെ:

''ഇവരങ്ങ് ഇരച്ചു കയറുവായിരുന്നു. കതകൊക്കെ അടച്ച്, ബഞ്ചിലൊക്കെ ഇടിച്ച്, ആകെ ... ഞാനോടിപ്പോയി എപിപിയുടെ അടുത്ത് പോയി. ആരെങ്കിലും ഒന്ന് വന്ന് രക്ഷപ്പെടുത്തണേ എന്ന് പറഞ്ഞ് കരഞ്ഞു. ആരും വന്നില്ല. ആരും അനങ്ങിയില്ല''

എത്ര പേരുണ്ടായിരുന്നു അവർ?

''അവര് കോടതിമുറിയിലേക്ക് ഇരച്ചു കയറുവായിരുന്നു. ഇങ്ങനെയാണോ ഒരു കോടതിയിൽ പെരുമാറുന്നത്? ചേംബറിലേക്ക് ഇരച്ചു കയറുവായിരുന്നു. എന്തൊക്കെയോ മുദ്രാവാക്യങ്ങളും അസഭ്യവും വിളിക്കുന്നുണ്ടായിരുന്നു. ഒന്നു രണ്ട് പേര് എന്‍റെ നേർക്കും വന്നു. പൊലീസ് അപ്പോ എന്നെ പിടിച്ചു മാറ്റുവായിരുന്നു. അവര് കതടകച്ചാണ് അക്രമം കാട്ടിയത്. എനിക്ക് ആലോചിക്കാൻ വയ്യ'' (വിതുമ്പുന്നു)

ഇത് പൊലീസിനെ അറിയിക്കാൻ തയ്യാറാണോ?

''ഇത് തീർച്ചയായും പറയും. ഒരു ജഡ്ജിക്ക് നേരെ ഇവര് ഇങ്ങനെ പെരുമാറുവാണേൽ സാധാരണക്കാർക്ക് നേരെ എന്തായിരിക്കും? തീർച്ചയായും ഞാൻ ഏത് കോടതിയിൽ ചെന്നും, പൊലീസിനോടും പറയാൻ തയ്യാറാണ്. പക്ഷേ, പൊലീസ് സ്റ്റേഷനിൽ ആരുടെയെങ്കിലും സാന്നിധ്യത്തിലേ പറയൂ''

വനിതാ മജിസ്ട്രേറ്റിനെ തടഞ്ഞുവച്ച് കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ അഭിഭാഷകർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കേസിലെ എഫ്ഐആറിലുള്ളത്. ബാർ അസോസിയേഷൻ ഭാരവാഹികൾ ഉള്‍പ്പെടെ വനിതാ മജിസ്ട്രേറ്റിനെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് എഫ്ഐആർ. നീതിപീഠത്തിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയണമെന്ന് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ പ്രതികരിച്ചിരുന്നു.

ബാർ അസോസിയേഷൻ പ്രസിഡന്‍റ് കെ പി ജയചന്ദ്രൻ, സെക്രട്ടറി പച്ചല്ലൂർ ജയകൃഷ്ണൻ എന്നിവരെ കൂടാതെ കണ്ടാലറിയാവുന്ന പത്ത് അഭിഭാഷകർക്കെതിരെയാണ് മജിസ്ട്രേറ്റിന്‍റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. കേസിലെ വാദിയെ ഭീഷണിപ്പെടുത്തിയ പ്രതിയുടെ ജാമ്യം റദ്ദാക്കിയതിന് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ദീപാ മോഹനെ അഭിഭാഷകർ‍ തടഞ്ഞുവെച്ച് കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് വഞ്ചിയൂർ പൊലീസിന്‍റെ എഫ്ഐആറിൽ പറയുന്നത്.

ഒന്നാം പ്രതിയായ കെ പി ജയചന്ദ്രൻ കൈചൂണ്ടികൊണ്ട് പാഞ്ഞടുക്കുകയും ഉത്തരവ് തിരുത്താൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് വനിതാ മജിസ്ട്രേറ്റിന്‍റെ പരാതിയിൽ പറയുന്നു. ''സ്ത്രീ ആയിപ്പോയി അല്ലെങ്കിൽ ചേംബറിൽ നിന്നും വലിച്ചിറക്കി തല്ലിച്ചതച്ചേനെ''യെന്നും അഭിഭാഷകർ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. പുറത്തിറങ്ങാതെ ഇവിടെ ഇരുന്നോളാമെന്ന് ഭീഷണിപ്പെടുത്തിയ അഭിഭാഷകർ കോടതി ഇന്ന് മുതൽ പ്രവർത്തിക്കില്ലെന്നും പറ‌ഞ്ഞതായി പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്ഐആറിൽ പറയുന്നു. 

 

അതേസമയം, വനിതാമജിസ്ട്രേറ്റിനെതിരെ മറുപരാതി നൽകി കേസ് മറിച്ചിടാനാണ് ബാർ അസോസിയേഷൻ ശ്രമിക്കുന്നത്. മജിസ്ട്രേറ്റ് അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തുവെന്ന് ആരോപിച്ച് ഒരു വനിതാ അഭിഭാഷകയെ കൊണ്ട് ബാർ അസോസിയേഷൻ പൊലീസിൽ പരാതി നൽകിച്ചു. മജിസ്ട്രേറ്റിനെതിരെ തിരുവനന്തപുരം ബാർ അസോസിയേഷൻ സെക്രട്ടറിയും  പരാതി നൽകിയിട്ടുണ്ട്. 

Read more at: വഞ്ചിയൂര്‍ കോടതി സംഘർഷം; വനിതാ മജിസ്ട്രേറ്റിനെതിരെ പുതിയ നീക്കവുമായി ബാർ അസോസിയേഷൻ

Follow Us:
Download App:
  • android
  • ios