Asianet News MalayalamAsianet News Malayalam

മെഡിക്കൽ വിദ്യാർത്ഥികളുടെ ലാപ്ടോപ് മാത്രം തെരഞ്ഞുപിടിച്ചു മോഷ്ടിക്കുന്ന ഒരു കള്ളന്‍

39 പേർ ഫോണെടുത്തപ്പോൾ ഒരാളുടെ നമ്പർ സ്വിച്ചോഫായിരുന്നു. സൈബർ സെല്ലിന്‍റെ സഹായത്തോടെ ഇയാളുടെ വിവരങ്ങൾ ശേഖരിച്ചു. നിലവിലുള്ള സ്ഥലം മനസ്സിലാക്കി. തമിഴ്നാട് തിരുവാരൂരിൽ എത്തി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

variety method of theft, the thief stole only medicos laptops
Author
Kannur, First Published Jul 2, 2021, 7:23 AM IST

കണ്ണൂര്‍: രാജ്യത്തെ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ ലാപ്ടോപ് മാത്രം തെരഞ്ഞുപിടിച്ചു മോഷ്ടിക്കുന്ന ഒരു കള്ളന്‍. തമിഴ്നാട് തിരുവാരൂർ സ്വദേശി തമിഴ്ശെൽവൻ ഇതുവരെ പലയിടത്ത് നിന്നായി അഞ്ഞൂറിലധികം ലാപ്ടോപുകൾ മോഷ്ടിച്ചു. വിദ്യാർത്ഥികളുടെ ലാപ്ടോപ് മോഷ്ടിക്കുന്നതിന് ഇയാൾ പൊലീസിനോട് പറഞ്ഞ കാരണമാണ് വിചിത്രം.

കഴിഞ്ഞ മാസം 28ന് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലെ ഹോസ്റ്റലിൽ ഒരു മോഷണം നടന്നു. എട്ടാംനിലയിലെ അടച്ചിട്ട മുറിയുടെ പൂട്ട് തകര്‍ത്ത് പി ജി വിദ്യാർത്ഥിനിയുടെ 40,000 രൂപ വിലവരുന്ന ലാപ്‌ടോപ്പ് മോഷ്ടാവ് കൊണ്ടുപോയി. അന്വേഷണം തുടങ്ങിയ പരിയാരം പോലീസിന് മുന്നിൽ തെളിവായി ഉണ്ടായിരുന്നത് അവ്യക്തമായ ഒരു സിസിടിവി ദൃശ്യം. അന്നേ ദിവസം കണ്ണൂ‍ർ റെയിൽവേ സ്റ്റേഷനിൽ എത്തിയ 40 യാത്രക്കാരുടെയും ഫോണ്‍ നമ്പറിൽ പൊലീസ് ബന്ധപ്പെട്ടു. 

39 പേർ ഫോണെടുത്തപ്പോൾ ഒരാളുടെ നമ്പർ സ്വിച്ചോഫായിരുന്നു. സൈബർ സെല്ലിന്‍റെ സഹായത്തോടെ ഇയാളുടെ വിവരങ്ങൾ ശേഖരിച്ചു. നിലവിലുള്ള സ്ഥലം മനസ്സിലാക്കി. തമിഴ്നാട് തിരുവാരൂരിൽ എത്തി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ 500 ലേറെ ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ചതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു. 2015 ല്‍ തമിഴ്‌സെല്‍വന്റെ കാമുകിക്ക് നേരെ മെഡിക്കൽ വിദ്യാ‍ർത്ഥികൾ സൈബർ അറ്റാക്ക് നടത്തിയതാണ് പ്രതികാരത്തിന്‍റെ തുടക്കം.

സൈബർ ഇടത്തിലൂടെ ചോദ്യം ചെയ്ത തമിഴ്ശെൽവനെയും മെഡിക്കൽ വിദ്യാ‍ർത്ഥികൾ അപമാനിച്ചു. ഇതിൽ തുടങ്ങിയതാണ് തമിഴ്ശെൽവന്‍റെ മെഡിക്കൽ വിദ്യാ‍ത്ഥികളോടുള്ള അടങ്ങാത്ത പക. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തിയ ഇയാള്‍ കൂടുതല്‍ ശ്രദ്ധവെച്ചത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. ഇന്റര്‍നെറ്റ് വഴി വിവിധ സ്ഥലങ്ങളിലെ മെഡിക്കല്‍ കോളേജുകളുടെ വിലാസം ശേഖരിച്ചാണ് കവര്‍ച്ചക്കെത്തുന്നത്. 

പഠനത്തിനായി ലാപ്‌ടോപ്പുകളില്‍ ശേഖരിച്ചുവെക്കുന്ന വിവരങ്ങള്‍ നഷ്ടപ്പെടുന്നതോടെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മാനസികമായി തളരണം. ഇതാണ് തന്റെ ഉദ്ദേശ്യമെന്ന്തമിഴ് ശെൽവൻ പറഞ്ഞത് കേട്ട് പൊലീസ് അമ്പരന്നു പോയി. മോഷ്ടിക്കാൻ ചെല്ലുന്ന സ്ഥലങ്ങളിലെ പണം അടക്കം മറ്റൊന്നും ശെൽവൻ തൊടാറില്ലന്നതും ഇയാൾ പറഞ്ഞ കഥ വിശ്വസിക്കാൻ പൊലീസിനെ പ്രേരിപ്പിക്കുന്നു.

Follow Us:
Download App:
  • android
  • ios