കൊല്ലം: ചിതറയില്‍ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ തല്ലി തകര്‍ത്തു. ഇന്നു പുലര്‍ച്ചെയുണ്ടായ അതിക്രമത്തിന് പിന്നിൽ പ്രദേശവാസിയായ യുവാവാണെന്ന് വീട്ടുകാർ ആരോപിച്ചു. ശബ്ദം കേട്ടിറങ്ങിയ വീട്ടുടമസ്ഥയാണ് അക്രമിയായ പ്രദേശവാസി സുമേഷിനെ തിരിച്ചറിഞ്ഞത്. ഇതോടെ വീട്ടുകാരെ ഇയാള്‍ അസഭ്യം പറയുകയും ചെയ്തു.

ചിതറ ഇരപ്പിൽ തോട്ടത്തില്‍ സിയാദിന്‍റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ് അടിച്ചുതകര്‍ത്തത്. ഒരു കാറും, രണ്ട് ബൈക്കുകളും പുലര്‍ച്ചെ മൂന്നരയോടെയാണ് ആക്രമിക്കപ്പെട്ടത്. അറസ്റ്റിലായ സുമേഷ് സ്ഥിരം ശല്യക്കാരനാണെന്ന് നാട്ടുകാര്‍ പറയുന്നു. 

സ്ത്രീകള്‍ക്ക് മുന്നില്‍ അശ്ലീല ചേഷ്ടകള്‍ കാട്ടുന്നതടക്കം നിരവധി പരാതികള്‍ ഇയാള്‍ക്കെതിരെ നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്.