കോഴിക്കോട്: വെള്ളിമാടുകുന്ന് എച്ച്എംഡിസി യിലെ ആറുവയസ്സുകാരന്റെ മരണം തലയ്ക്കേറ്റ പരിക്ക് മൂലമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. റിപ്പോർട്ട് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറും. കഴിഞ്ഞ ദിവസമാണ് സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള കോഴിക്കോട് വെള്ളിമാടുകുന്ന് എച്ച്എംഡിസിയിലെ അന്തേവാസിയായ ആറു വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ തലയിലും  നെഞ്ചിലും പരിക്കുകള്‍ കണ്ടതോടെ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. കുട്ടിയെ പരിചരിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്നറിയാന്‍ സാമൂഹ്യനീതിവകുപ്പും ബാലക്ഷേമസമിതിയും അന്വേഷണം നടത്തുന്നുണ്ട്.

വയനാട് കൈതപ്പൊയിൽ സ്വദേശിയായ ആറുവയസുകാരനെ വെള്ളിമാടുകുന്ന് എസ് എം ഡി സിയിലെ കിടപ്പുമുറിയില്‍ രാവിലെ ഏഴുമണിക്കാണ്  മരിച്ച നിലയില്‍ കാണുന്നത്. ഓട്ടിസം ബാധിച്ച കുട്ടിയെ പ്രഭാത കൃത്യങ്ങളില്‍ സഹായിക്കാനെത്തിയ ജീവനക്കാരാണ് ആദ്യം കാണുന്നത്. വിവരം ഇവര്‍ പൊലീസിലറിയിച്ചു.

പരിശോധനയില്‍ തലക്കും നെഞ്ചിലും പരിക്കേറ്റിട്ടുണ്ടെന്ന് കണ്ടെത്തിയതോടെ അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് ജീവനക്കാര്‍ പൊലീസിന് നല്‍കിയ മൊഴി. സ്ഥാപനത്തിലെ അന്തേവാസികളായ മറ്റ് കുട്ടികള്‍ മര്‍ദ്ദിച്ചതാണോ മരണകാരണമെന്നാണ് സംശയവും പൊലീസിനുണ്ട് .