2008ലാണ് കേസ് സിബിഐ ഏറ്റെടുത്തത്. 2010ൽ കുറ്റപത്രം സമർപ്പിച്ചു. 

തിരുവനന്തപുരം: എഞ്ചിനിയറിംഗ് കോളജ് വിദ്യാർത്ഥി ശ്യാമള്‍ മണ്ഡലിനെ (Shyamal Mandal) കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് അലി കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം സിബിഐ (CBI) പ്രത്യേക കോടതിയാണ് 17 വർഷത്തിന് ശേഷം പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ ഇന്ന് വിധിക്കും.

2008ലാണ് കേസ് സിബിഐ ഏറ്റെടുത്തത്. 2010ൽ കുറ്റപത്രം സമർപ്പിച്ചു. നേപ്പോൾ സ്വദേശി ദുർഗ്ഗ ബഹദുർ ഭട്ട് ചേത്രി എന്ന ഭീപക്, ശ്യാമൾ മണ്ഡലിന്‍റെ കുടുംബ സുഹൃത്ത് മുഹമ്മദ് അലി എന്നിവരാണ് കേസിലെ പ്രതികൾ. രണ്ടാം പ്രതി മുഹമ്മദ് അലിയാണ് വിചാരണ നേരിടുന്ന പ്രതി. ഒന്നാം പ്രതി ഒളിവിലാണ്. 

തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളജിലെ വിദ്യാർഥി ആയിരുന്ന ശ്യാമൾ മണ്ഡലിനെ 2005 ഒക്ടോബർ 13നാണ് കോവളം ബൈപാസിനു സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തലയറുത്തു കൊന്ന ശേഷം മൃതദേഹം ചാക്കിൽ കെട്ടി മാലിന്യം നിറഞ്ഞ കുറ്റിക്കാട്ടിൽ തള്ളുകയായിരുന്നു.

ചാക്കുകെട്ടില്‍ നിന്നുള്ള ദുര്‍ഗന്ധം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനെ അറിയിച്ചതോടെയാണ് അരുംകൊല പുറംലോകമറിയുന്നത്. അപ്പോഴേക്കും തിരിച്ചറിയാനാകാത്ത വിധം മൃതദേഹം ജീര്‍ണിച്ചിരുന്നു. 15 വർഷത്തോളം ബസുദേവ് മണ്ഡൽ നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് തിരുവനന്തപുരം സിബിഐ കോടതിയിൽ വിചാരണ ആരംഭിച്ചത്.