തിരുവനന്തപുരം: ഐഎഎസ് നേടാൻ വ്യാജ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന പരാതിയിൽ തലശേരി സബ് കളക്ടർക്കെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി. സബ്ബ് കളക്ടർ ആസിഫ് കെ യൂസഫിനെതിരായ പരാതിക്കാരനിൽ നിന്നും വിജിലൻസ് മൊഴിയെടുത്തു. സംവരണം ആനുകല്യം വഴി ഐഎഎസ് ലഭിക്കാൻ ആസിഫ് കെ യൂസഫ് വരുമാനം കുറച്ചു കാണിച്ചുള്ള സർട്ടിഫിക്കറ്റ് നൽകിയെന്നാണ് പരാതി.

കുടുംബം ആദായനികുതി അടക്കുന്നത് മറച്ചുവച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉദ്യോഗാർത്ഥിയെന്ന് തെളിക്കാൻ ക്രീമിലെയർ ഇതരവിഭാഗത്തിൽപ്പെടുന്ന സർട്ടിഫിക്കറ്റാണ് ആസിഫ് യുപിഎസ്‍സിക്ക് നൽകിയത്. ഇതുനസരിച്ചാണ് ആസിഫിന് കേരള കേഡറിൽ തന്നെ ഐഎഎസ് ലഭിച്ചത്. 2015ൽ ആസിഫ് സിവിൽ സർവ്വീസ് പരീക്ഷയെഴുതുമ്പോള്‍ കുടുംബത്തിന് 1.8 ലക്ഷം വരുമാനം മാത്രമാണ് ഉള്ളതെന്ന കണയന്നൂർ തഹസിൽദാറുടെ സർട്ടിഫിക്കറ്റാണ് നൽകിയിരുന്നത്. കേന്ദ്രസർക്കാരിന്‍റെ നിർദ്ദേശ പ്രകാരം എറണാകുളം ജില്ലാ കളക്ടർ നടത്തിയ പരിശോധനയിൽ ആസിഫ് നൽകിയിട്ടുള്ള സർട്ടിഫിക്കറ്റ് തെറ്റാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 

ആസിഫിൻറെ കുടുംബം ആദായ നികുതിയടക്കുന്നവരാണെന്നും പരീക്ഷയെഴുതുമ്പോള്‍ കുടുംബത്തിന്‍റെ വരുമാനം 28 ലക്ഷമാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. 2015ൽ കണയന്നൂർ തഹസിൽദാർ നൽയിട്ടുള്ള രേഖകള്‍ വസ്തുതകള്‍ക്ക് വിരുദ്ധമാണെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് റിപ്പോർട്ടിൽ പറയുന്നു. ഇപ്പോഴത്തെ തഹസിൽദാറുടെ അന്വേഷണ റിപ്പോർട്ടും ആദായനികുതി രേഖകളും ഉള്‍പ്പെടുത്തിയാണ് കളക്ടർ എസ് സുഹാസ് ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ആസിഫിനെതിരെ കേന്ദ്രസർക്കാരിനെ സമീപിച്ച പരാതിക്കാൻ തന്നെ വിജിലൻസിനെയും സമീപിച്ചിരുന്നു. ഇതേ തുടർന്നാണ് വിജിലൻസും പ്രാഥമിക പരിശോധന ആരംഭിച്ചത്. 

പരാതിക്കാരന്‍റെ മൊഴി വിജിലനസ് രേഖപ്പെടുത്തി. തിരുവനന്തപുരം സ്പെഷ്യൽ ഇനവെസറ്റിഗേഷൻ യൂണിറ്റ് ഒന്നാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. കളക്ടറേറ്റിൽ നിന്നുള്ള രേഖകളും വിജിലൻസ് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. സർക്കാർ ഉദ്യോഗസ്ഥരുള്‍പ്പെടെ വ്യാജ രേഖകള്‍ സമർപ്പിച്ചുവെന്ന വ്യക്തമായാൽ വിജിലൻസിനോ ക്രൈം ബ്രാഞ്ചിനോ കേസെടുക്കാനാകും. ജില്ല കളക്ടർ ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടുള്ള റിപ്പോർട്ടും വൈകാതെ കേന്ദ്രസർക്കാരിന് കൈമാറും. ആസിഫ് സ‍മർപ്പിച്ചിട്ടുള്ളത് വ്യാജ രേഖയാണെന്ന് കേന്ദ്രസർക്കാരിന് ബോധ്യമായാൽ ആസിഫിന്‍റെ ഐഎഎസ് നഷ്ടമാകും. നിയമനടപടിയുമുണ്ടാകും.