കാണ്‍പുര്‍: മാഫിയാ തലവന്‍ വികാസ് ദുബെയുടെ സഹായി കോടതിയില്‍ കീഴടങ്ങി. ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച ഗോപാല്‍ സൈനിയാണ് കാണ്‍പുരിലെ ദെഹാത്തിലെ പ്രത്യേക കോടതിയിലെത്തി കീഴടങ്ങിയത്. ജൂലായ് മൂന്നിന് വികാസ് ദുബെയും സംഘവും എട്ടു പൊലീസുകാരെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സംഘത്തിലെ പ്രധാനിയായിരുന്നു സൈനിയെന്ന് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു. ഗോപാല്‍ സൈനിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കുമെന്ന് കാണ്‍പുര്‍ റൂറല്‍ എസ്പി ബ്രജേഷ് ശ്രീവാസ്തവ പറഞ്ഞു. 

ജൂലായ് പത്തിന് വികാസ് ദുബെയെ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച വികാസ് ദുബെ പൊലീസിനെ ആക്രമിച്ചപ്പോള്‍ ഉണ്ടായ വെടിവെപ്പില്‍ ദുബെ കൊല്ലപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവം അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ദുബെയുടെ സംഘത്തിലെ പ്രധാനികളെ പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയിരുന്നു.