തിരുവനന്തപുരം: ബാലഭാസ്കറിന്റെ സുഹൃത്തുക്കളായ വിഷ്ണുവും പ്രകാശന്‍ തമ്പിയും ചേര്‍ന്ന് 150 കിലോയിലേറെ സ്വര്‍ണം കടത്തിയതായി ഡിആര്‍ഐ. പ്രകാശന്‍ തമ്പിക്ക് പിന്നാലെ കഴിഞ്ഞ ദിവസം കീഴടങ്ങിയ വിഷ്ണുവിനെയും ചോദ്യം ചെയ്തതോടെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് അവകാശവാദം. 

നവംബര്‍ മുതല്‍ മെയ് വരെയുള്ള ഏഴ് മാസങ്ങളിലായി പ്രകാശന്‍ തമ്പി 8 തവണയും വിഷ്ണു 6 തവണയും ദുബായിലേക്ക് യാത്ര ചെയ്തുവെന്നാണ് കണ്ടെത്തല്‍. സ്വര്‍ണക്കടത്തിലെ ക്യാരിയറായി കണ്ടെത്തിയിട്ടുള്ളവരും ഇതേദിവസങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്. സ്ത്രീകളെ മറയാക്കിയായിരുന്നു ഇവരുടെ സ്വർണകടത്തെന്നും ഡിആര്‍ഐ കണ്ടെത്തി. ഇവരോടൊപ്പം സ്വർണകടത്തിൽ പങ്കാളികളായ നാല് സ്ത്രീകൾ ഒളിവിലാണെന്നും ഡിആർഐ വിശദമാക്കി. 

എന്നാല്‍ ബാലഭാസ്കര്‍ ജീവിച്ചിരുന്ന സമയത്ത് ഇരുവരും സ്വര്‍ണം കടത്തിയതിന് തെളിവില്ലെന്നും ഡിആര്‍ഐ വ്യക്തമാക്കി.  ബാലഭാസ്കറിന്റെ മരണ ശേഷം ആ പേര് പറഞ്ഞാണ് പ്രകാശന്‍ തമ്പി പരിചയപ്പെട്ടതെന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തിന് അറസ്റ്റിലായ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്‍ മൊഴി നല്‍കി.