Asianet News MalayalamAsianet News Malayalam

ഒരേ മോഡല്‍ കാറും നിറവും, രക്ഷപ്പെടാന്‍ വ്യാജ നമ്പര്‍ പ്ലേറ്റ്; കവര്‍ച്ചാ സംഘം പൊലീസിനെ വെട്ടിക്കുന്നത് ഇങ്ങനെ

പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ വ്യാജ നമ്പര്‍പ്ലേറ്റ് മാറ്റിയാണ് സംഘം രക്ഷപ്പെടാന്‍ ശ്രമിച്ചത്. കവര്‍ച്ച പിടിക്കപ്പെടാതിരിക്കാനും പെട്ടെന്ന് തിരിച്ചറിയാതിരിക്കാനുമാണ് സംഘം ഒരുപോലത്തെ കാറുകളും വ്യാജ നമ്പര്‍പ്ലേറ്റുകളും ഉപയോഗിക്കുന്നത്. 

wayanad robbery quotation team arrest follow up
Author
Wayanad, First Published Jan 19, 2022, 12:47 PM IST

കല്‍പ്പറ്റ: വയനാട്ടില്‍ കഴിഞ്ഞ ദിവസം പിടിയിലായ കവര്‍ച്ചാ സംഘത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഘം ഉപയോഗിച്ച രണ്ട് കാറുകളുടെ മോഡലും നിറവും ഒന്നു തന്നെ. ഇത് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ആണെന്നാണ് വിലയിരുത്തല്‍. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് സ്വര്‍ണവും പണവുമായി വരുന്നവരെ വാഹനത്തില്‍ പിന്തുടര്‍ന്ന് കവര്‍ച്ചനടത്തുന്ന സംഘത്തിലെ അഞ്ചുപേരെയാണ് മീനങ്ങാടി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്. പ്രതികളെത്തിയ കാറുകളോടൊപ്പം കമ്പിപ്പാരയും മറ്റും കസ്റ്റഡിയിലെടുത്തിരുന്നു. കടുംനീല നിറത്തിലുള്ളവയാണ് കാറുകള്‍. 

പിടിയിലായവര്‍ തങ്ങളുടെ വാഹനങ്ങള്‍ക്ക് വ്യാജനമ്പര്‍ ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ വ്യാജ നമ്പര്‍പ്ലേറ്റ് മാറ്റിയാണ് സംഘം രക്ഷപ്പെടാന്‍ ശ്രമിച്ചത്. കവര്‍ച്ച പിടിക്കപ്പെടാതിരിക്കാനും പെട്ടെന്ന് തിരിച്ചറിയാതിരിക്കാനുമാണ് സംഘം ഒരുപോലത്തെ കാറുകളും വ്യാജ നമ്പര്‍പ്ലേറ്റുകളും ഉപയോഗിക്കുന്നത്. പണവുമായി വരുന്നവരെ പിന്തുടരാന്‍ ഒരു വാഹനവും പണം കവര്‍ന്ന് രക്ഷപ്പെടാന്‍ മറ്റൊരു വാഹനവും സംഘം ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. ഹവാലപ്പണം ഉള്‍പ്പെടെ കൊണ്ടുവരുന്നവരെ കണ്ടെത്തി കവര്‍ച്ച നടത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം.

പ്രതികള്‍ക്ക് വാഹനങ്ങള്‍ വേറെയും ഉണ്ടാകാമെന്നും പിന്നില്‍ വലിയ സംഘം തന്നെ ഉണ്ടെന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു. ആദ്യം പിടികൂടിയ കാറില്‍നിന്ന് രണ്ടു കത്തിയും കമ്പിപ്പാരയുമാണ് കണ്ടെടുത്തത്. രണ്ടുകാറുകളില്‍നിന്ന് വ്യാജ നമ്പര്‍പ്ലേറ്റും കിട്ടിയിട്ടുണ്ട്.  മീനങ്ങാടി-പനമരം റൂട്ടിലെ കാര്യമ്പാടിയില്‍ മൂന്നുദിവസമായി രണ്ടുകാറുകള്‍ സ്ഥലത്ത് നിര്‍ത്തിയിടുകയും ഏഴുപേര്‍ ഇവിടെ വന്നുപോവുകയും ചെയ്യുന്നതായി തിങ്കളാഴ്ച ഉച്ചയ്ക്കാണ് മീനങ്ങാടിപൊലീസിന് വിവരം ലഭിക്കുന്നത്. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ കാറുകള്‍ അവിടെനിന്ന് ഓടിച്ചുപോയി. 

ഇവരെ പിന്തുടര്‍ന്ന പൊലീസ് കൊളവയലില്‍വെച്ച് ഒരു കാര്‍ പിടികൂടി. മൂന്നുപേരാണ് ഈ കാറിലുണ്ടായിരുന്നത്. ഇവരെ ചോദ്യംചെയ്തപ്പോഴാണ് സംഘത്തിന്റെ മറ്റൊരു കാര്‍ കൂടി മുന്നില്‍പോയിരുന്നതായി വ്യക്തമായത്. ആര്‍.സി. ഉടമസ്ഥനെ കണ്ടെത്തി, ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് ഈ കാര്‍ കല്‍പ്പറ്റയില്‍നിന്നാണ് കണ്ടെത്തിയത്. കല്‍പ്പറ്റയില്‍ ഒരിടത്ത്  നിര്‍ത്തിയിട്ട നിലയിലായിരുന്നു കാര്‍. ഇത് തിരികെയെടുക്കാനായി വന്നവരെയും പൊലീസ് പിടികൂടി.

Read More: വയനാട്ടില്‍ അഞ്ചംഗ ക്വട്ടേഷന്‍ സംഘം അറസ്റ്റിൽ; പിടിയിലായത് ഹൈവേ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘം

കോഴിക്കോട് സ്വദേശികളായ കൊയിലാണ്ടി അരീക്കല്‍ മീത്തല്‍ അഖില്‍ ചന്ദ്രന്‍ (29), ഉള്ളിയേരി കുന്നത്തറ പടിഞ്ഞാറെ മീത്തല്‍ നന്ദുലാല്‍ (22), ഉള്ളിയേരി കുന്നത്തറ വല്ലിപ്പടിക്കല്‍ മീത്തല്‍ അരുണ്‍ കുമാര്‍ (27), വയനാട് സ്വദേശികളായ മൂപ്പൈനാട് നെടുങ്കരണ കുയിലന്‍വളപ്പില്‍ സക്കറിയ (29), തോമാട്ടുചാല്‍ വേലന്‍മാരിത്തൊടിയില്‍ പ്രദീപ് കുമാര്‍ (37) എന്നിവരാണ് അറസ്റ്റിലായത്. മറ്റുള്ളവരെ കുറിച്ച് സൂചനകള്‍ ലഭിച്ചതായി പൊലീസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി. സുല്‍ത്താന്‍ബത്തേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Follow Us:
Download App:
  • android
  • ios