അമൃത്സര്‍: യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ആ വിവരം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ച് ഗുണ്ടാസംഘം. പഞ്ചാബിലെ അമൃത്സര്‍ ജില്ലയിലാണ് ഇന്നലെ 26കാരനെ ബൈക്കിലെത്തിയ രണ്ട് അജ്ഞാതര്‍ വെടിവച്ച് കൊന്നത്. ഇതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഹര്‍വിന്ദര്‍ സിംഗ് സന്ദു എന്നയാള്‍ ഇന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. പഴയ വൈരാഗ്യത്തിന്‍റെ പേരിലാണ് കൊലപാതകമെന്നും പോസ്റ്റില്‍ പറയുന്നു. 

പാണ്ഡോരി സ്വദേശി മന്‍ദീപ് സിംഗ് (26)നെയാണ് ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങവേ രണ്ടു പേര്‍ ആക്രമച്ചത്. എട്ടു വെടിയുണ്ടകളാണ് മന്‍ദീപിന്റെ ദേഹത്ത് തുളച്ചുകയറിയത്. കൊലയാളികളെ തിരിച്ചറിയാന്‍ പോലീസ് ശ്രമിക്കുന്നതിനിടെയാണ് ഈ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 

'പാണ്ഡോരിയിലെ കൊല നടത്തിയത് ഞങ്ങളാണ്. ഞങ്ങളുടെ അന്തസ്സിനെ കരുതിയാണ് ഈ കൊല. 25 റൗണ്ട് വെടിയുതിര്‍ക്കാന്‍ കഴിയുമെങ്കില്‍ ഞങ്ങള്‍ 100 റൗണ്ട് വെടിയുതിര്‍ത്തിരിക്കും. ഭാവിയില്‍ ആരും ഇത്തരം തെറ്റ് ചെയ്യരുത്. ഇതേ വിധിതന്നെയായിരിക്കും അയാള്‍ക്കും കിട്ടുക. പോലീസ് നടപടിയെടുക്കണം. എന്നാല്‍ ഇതിന്റെ പേരില്‍ ഒരു നിരപരാധിയും കുടുങ്ങരുത്.' ഹര്‍വിന്ദര്‍ സിംഗ് സന്ദു പറയുന്നു. 

ആക്രമണങ്ങള്‍ നടത്തിയ ശേഷം അതിന്‍റെ ക്രെഡിറ്റ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന ഗുണ്ടാസംഘത്തിന്റെ രീതി പഞ്ചാബില്‍ അസാധാരണമല്ല. ബട്ടാലയില്‍ നിന്നുള്ളതാണ് ഹര്‍വിന്ദര്‍ സിംഗ് സന്ദുവിന്റെ ഗുണ്ടാസംഘമെന്ന് പോലീസ് പറയുന്നു. 

പ്രതികള്‍ക്കായി തെരച്ചില്‍ പുരോഗമിക്കുന്നുണ്ടെന്നും ഹര്‍വിന്ദര്‍ സിംഗ് സന്ദുവിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ ആ നിലയ്ക്കും അന്വേഷണം തുടരുമെന്നും അമൃത്സര്‍ റൂറല്‍ എസ്.എസ്.പി വിക്രംജിത് സിംഗ് ദഗ്ഗല്‍ പറഞ്ഞു.