കൊച്ചി: സ്വന്തം അമ്മയുടെ ക്രൂര മർദനമേറ്റതിനെത്തുടർന്ന് തലച്ചോറിന് ഗുരുതരമായ പരുക്കേറ്റ് രണ്ട് ദിവസം മരണത്തോട് മല്ലിട്ട് ഒടുവില്‍ അവന്‍ കീഴടങ്ങി. വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്‍റെ മർദനമേറ്റ് മരിച്ച കുട്ടിയുടെ ഓർമകള്‍ മായും മുന്‍പേ മലയാളിക്ക് തീരാവേദനയായി മറ്റൊരു കുഞ്ഞു ജീവന്‍ കൂടി.. കണ്ണില്ലാത്ത ക്രൂരതയുടെ മറ്റൊരു ഇര.

രാവിലെ കുട്ടിയുടെ നില അതീവഗുരുതരമായപ്പോള്‍ കസ്റ്റഡിയിലുള്ള അച്ഛനെ കുട്ടിയെ അവസാനമായി കാണാന്‍ പോലീസ് സൗകര്യമൊരുക്കിയിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് അവനെ അവസാനമായി കണ്ട് പൊട്ടിക്കരഞ്ഞ അയാള്‍ അവിടെ തളർന്നു വീണു. അതേ ആശുപത്രിയില്‍ ചികിത്സ തേടിയശേഷമാണ് പിന്നീട് സ്റ്റേഷനിലേക്ക് മടങ്ങിയത്.

അമ്മ.. ?

അടുക്കളയില്‍വച്ച് കുസൃതി കാണിച്ചപ്പോള്‍ തലയ്ക്കടിച്ചെന്നാണ് അമ്മ പോലീസിന് നല്‍കിയ മൊഴി. അടുക്കളയില്‍ ഉപയോഗിക്കുന്ന കട്ടിയുള്ള ഉപകരണം വച്ച് മൂന്നു വയസ്സുകാരന്‍റെ തലയുടെ വലതുഭാഗത്ത് ആഞ്ഞടിക്കുകയായിരുന്നു (ചപ്പാത്തിക്കോല്‍ പോലുള്ള വസ്തു വച്ചാണ് അടിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം), തലയോട്ടി പൊട്ടി തലച്ചോറില്‍ രക്തസ്രാവമുണ്ടായി. ഈ രക്തം കട്ട പിടിച്ചതോടെയാണ് കുഞ്ഞിന്‍റെ നില ഗുരുതരമായത്. 

അറസ്റ്റ് ചെയ്തപ്പോഴും, തെളിവെടുപ്പിനായി ഏലൂരില്‍ എത്തിച്ചപ്പോഴും, എന്തിന് മകന്‍റെ മരണവിവരം അറിഞ്ഞപ്പോഴും നിർവികാരയായാണ് അമ്മയായ ജാർഖണ്ഡ് സ്വദേശിനി പെരുമാറിയത്.

ഇതോടെ ഇവർ തന്നെയാണോ കുഞ്ഞിന്‍റെ യഥാർത്ഥ അമ്മയെന്ന കാര്യത്തില്‍ പോലീസിനും സംശയമായി. ഇവരുടെ നാടായ ജാർഖണ്ഡിലേക്കും അച്ഛന്‍റെ നാടായ ബംഗാളിലേക്കും കൊച്ചി പോലീസിലെ പ്രത്യേക സംഘങ്ങള്‍ പുറപ്പെട്ടിട്ടുണ്ട്. നിയമപരമായി വിവാഹം കഴിച്ചതാണോയെന്നതടക്കം ഇരുവരുടെയും പശ്ചാത്തലം വിശദമായി പരിശോധിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച നിർദേശം. വേണമെങ്കില്‍ ഡിഎന്‍എ പരിശോധനയടക്കമുള്ള നടപടികളിലേക്കും അന്വേഷണസംഘം കടന്നേക്കും.

അച്ഛന്‍റെ പങ്ക്

ആലുവയിലെ സ്വകാര്യ കമ്പനിയിൽ ഹെവി വെഹിക്കിള്‍ ഡ്രൈവറായി ജോലി ചെയ്യുന്ന കുട്ടിയുടെ അച്ഛനെ കുറിച്ച് പോലീസിന് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നതാണ് സത്യം. തലേദിവസം രാത്രി മുഴുവന്‍ ജോലിചെയ്ത് രാവിലെ ഏലൂരിലെ വാടകവീട്ടിലെത്തിയ ഇയാള്‍ കിടന്നുറങ്ങുന്ന സമയത്താണ് കുഞ്ഞിന് അപകടം സംഭവിച്ചതെന്നാണ്  പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇത് പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. തനിക്ക് ഭാര്യയെ കാണണമെന്നും സംസാരിക്കണമെന്നും ഇയാള്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

സംഭവം നടന്ന ദിവസം തന്നെ കുട്ടിയുടെ പിതാവ് മറ്റേതെങ്കിലും കേസില്‍ പ്രതിയാണോ എന്നറിയാന്‍ കേരളാ പൊലീസ് ബംഗാള്‍ പൊലീസിനെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ബംഗാളില്‍ നിന്നും മറുപടി ലഭിച്ചിട്ടി്ല്ല. 

ഇനി..

മൂന്നു വയസുകാരന്‍റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. അമ്മയ്ക്ക് അവസാനമായി കുഞ്ഞിനെ കാണാന്‍ അടുത്ത ദിവസം തന്നെ പോലീസ് സൗകര്യമൊരുക്കും. ബന്ധുക്കള്‍ ആരെയെങ്കിലും കണ്ടെത്താനായാല്‍ മൃതദേഹം നാട്ടിലെത്തിച്ചുനല്‍കും. അല്ലെങ്കില്‍ ഈ മണ്ണില്‍ തന്നെ രണ്ടടി മണ്ണ് അവനായി കണ്ടെത്തും.