ഗൂഡല്ലൂര്‍: തമിഴ്നാട് ഗൂഡല്ലൂരില്‍ യുവതിയെ അഞ്ചംഗ സംഘം കൂട്ട ബലാത്സംഗം ചെയ്യുകയും കുറ്റകൃത്യത്തിനിടെയുള്ള തര്‍ക്കത്തില്‍ സംഘത്തില്‍ ഒരാളെ കൊലപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ പ്രതികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. 
വിധവയും മൂന്ന് കുട്ടികളുടെ അമ്മയുമായ യുവതിയാണ് ആക്രമണത്തിന് ഇരയായത്.

കടയില്‍ നിന്ന് ഇരുചക്ര വാഹനത്തില്‍ ബന്ധുവിനൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ യുവതി കുറച്ച് നേരം വിശ്രമിക്കുന്നതിനായി വാഹനം നിര്‍ത്തി. മദ്യപിച്ചെത്തിയ അഞ്ചംഗ സംഘം യുവതിയെ ശല്യം ചെയ്യുകയും അപമാനിക്കുകയും ചെയ്തു. ബന്ധു ഇവരെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാളെ മര്‍ദ്ദിച്ച് അവശനാക്കി യുവതിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. 

കേസില്‍ അറസ്റ്റിലായ പ്രതികള്‍(ഇടതുവശത്തെ പ്രതിയാണ് കൊല്ലപ്പെട്ടത്)

കുറ്റകൃത്യം ചെയ്യുന്നതിനിടെ അഞ്ചംഗ സംഘം തര്‍ക്കത്തിലേര്‍പ്പെടുകയും പ്രതികളിലൊരാളായ എം പ്രകാശ് എന്നയാള്‍ കൊല്ലപ്പെടുകയും ചെയ്തു. ബലാത്സംഗത്തിനിരയായ യുവതി ബോധരഹിതതായി. ബോധം തെളിഞ്ഞപ്പോള്‍ യുവതി ഒറ്റക്കെത്തിയാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതികളെ എല്ലാവരെയും പിടികൂടിയെന്ന് നെയ്‍വേലി തെര്‍മല്‍ സ്റ്റേഷന്‍ എസ് ഐ എസ് ലത പറഞ്ഞു. കാര്‍ത്തിക്(23), എം സതീഷ് കുമാര്‍(23), സി രാജദുരൈ(25), ശിവബാലന്‍(22) എന്നിവരാണ് അറസ്റ്റിലായത്. എം പ്രകാശനാണ്(26) കൊല്ലപ്പെട്ടത്. ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.