ബെംഗളൂരു : ഭർത്താവിന്‍റെ വിവാഹേതര ബന്ധത്തെ ചൊല്ലിയുള്ള വഴക്കിനൊടുവിൽ ഭാര്യ ഭർത്താവിന്‍റെ ശരീരത്തിൽ തിളച്ച എണ്ണ ഒഴിച്ചതായി പരാതി. സംഭവത്തിൽ ബെംഗളൂരു യശ്വന്തപുരത്തു താമസിക്കുന്ന പദ്മയെ (36) പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ഭർത്താവ് മഞ്ജുനാഥ് (40) 50 ശതമാനം പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച്ച രാവിലെയാണ് സംഭവം. മഞ്ജുനാഥിന്‍റെ വിവാഹേതര ബന്ധത്തെചൊല്ലി ഇരുവരും വഴക്കുകൂടുകയും ഒടുവിൽ അടുക്കളയിൽ ചെന്ന് പദ്മ തിളച്ച എണ്ണയെടുത്ത്  മഞ്ജുനാഥിന്‍റെ മുഖത്തും നെഞ്ചിലുമൊഴിക്കുകയുമായിരുന്നുവെന്ന് സംഭവത്തിൽ കേസെടുത്ത യശ്വന്തപുരം പൊലീസ് പറയുന്നു. ഗുരുതരമായി പൊള്ളലേറ്റ മഞ്ജുനാഥിനെ അയൽപക്കത്തുള്ളവരാണ് ആശുപത്രിയിലെത്തിച്ചത്. ഒൻപത് വർഷം മുമ്പാണ് പദ്മയും മഞ്ജുനാഥും വിവാഹിതരായത്.