അടൂരിൽ നിന്നാണ് സന്തോഷിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയിലാണ് ഇയാൾ ഭാര്യയെ വീട്ടിൽ കയറി വടിവാൾ കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചത്.

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ യുവതിയെ വീട്ടിൽ കയറി കൈവെട്ടിയ സംഭവത്തില്‍ സന്തോഷ്‌ പിടിയിൽ. അടൂരിൽ നിന്നാണ് ഏഴംകുളം സ്വദേശിയായ സന്തോഷിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയിലാണ് ഇയാൾ ഭാര്യയെ വീട്ടിൽ കയറി വടിവാൾ കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചത്.

ചാവടിമല സ്വദേശി വിദ്യയുടെ രണ്ട് കൈയ്ക്കുമാണ് വെട്ടേറ്റത്. ഒരു കയ്യുടെ കൈപ്പത്തി അറ്റുപോയി. ഇന്ന് രാത്രി ഒൻപത് അരയോടെയാണ് സംഭവം ഉണ്ടായത്. വിദ്യയെ ആക്രമിക്കുന്നത് തടയുന്നതിനിടയിൽ അച്ഛൻ വിജയനും വെട്ടേറ്റു. ഇരുവരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ കുറെ നാളുകളായി വിദ്യയും സന്തോഷും വേർപിരിഞ്ഞ് കഴിയുകയാണ്. ഇവരുടെ വിവാഹ മോചന കേസ് കോടതിയുടെ പരിധിയിലാണ്. സംഭവത്തിൽ വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കൂടൽ പൊലീസ് അന്വേഷണം തുടങ്ങി.

Also Read: വിവാഹത്തിന് അഞ്ച് നാള്‍ മുന്‍പ് കാണാതായി, അനൂജയുടെ മൃതദേഹം കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട കിണറ്റില്‍

അപ്രതീക്ഷിതമായാണ് പ്രതി സന്തോഷ്‌ വീട്ടിൽ കയറി യുവതിയുടെ വെട്ടിപരിക്കേൽപ്പിച്ചതെന്ന് വിദ്യയുടെ സഹോദരി സുവിത പറയുന്നു. വെട്ടേറ്റ വിദ്യയും സന്തോഷും തമ്മിൽ കുറെ നാളുകളായി പിരിഞ്ഞുകഴിയുകയാണ്. കഴിഞ്ഞ ദിവസം സന്തോഷ് വീട്ടിലെത്തി ഒന്നിച്ച് കഴിയാമെന്നും കുഞ്ഞിനെ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിദ്യ അതിനോട് താല്‍പ്പര്യം കാണിച്ചില്ല. പിന്നാലെ കഴിഞ്ഞ ദിവസവും സന്തോഷ് വീടിന്‍റെ സമീപത്ത് എത്തിയിരുന്നെന്നും സുവിത പറഞ്ഞു. 

കൊല്ലണമെന്ന് ഉദ്ദേശത്തോടെ തന്നെയെന്ന് യുവതിയെ ആക്രമിക്കാൻ എത്തിയതെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയില്‍ വെച്ച് ഭാര്യയെ കൊല്ലാന്‍ പ്രതി ശ്രമിച്ചിരുന്നു. എന്നാലിത് പരാജയപ്പെട്ടതോടെയാണ് വീട്ടിൽ കയറി വെട്ടിയത്. അഞ്ച് വയസ്സുള്ള കുട്ടിയുടെ മുന്നിൽ വെച്ചാണ് പ്രതി യുവതിയെ വെട്ടിയത്. അതേസമയം, യുവതിയുടെ കൈ തുന്നിച്ചേർക്കുന്ന ശസ്ത്രക്രിയ പൂർത്തിയായി.