മറയൂര്‍: വീട്ടിലെ മിക്സി വിറ്റ് മദ്യപിച്ച ഭര്‍ത്താവിനെ ഭാര്യ വടികൊണ്ട് തലക്കടിച്ചു കൊന്നു. കേരള-തമിഴ്നാട് അതിര്‍ത്തിയായ ഉദുമല്‍പേട്ടയ്ക്ക് സമീപമാണ് സംഭവം. മംഗലശാല സുല്‍ത്താന്‍പേട്ടയ്ക്കക് സമീപമുള്ള മീനാക്ഷി നഗര്‍ സ്വദേശിയായ വെങ്കിടേശിനെ(49)യാണ് ഭാര്യ ഉമാദേവി(47) അടിച്ചു കൊലപ്പെടുത്തിയത്.

ഒക്ടോബര്‍ 17 നാണ് സംഭവം. അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ വെങ്കിടേശിനെ വാഹനാപകടത്തില്‍ പരിക്കേറ്റെന്ന് പറഞ്ഞാണ് കോയമ്പത്തൂരിലെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. വാഹനാപകടമാണെന്ന് തെറ്റദ്ധരിച്ച് കേസെടുത്ത പൊലീസ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുകയും ചെയ്തു. പിന്നീട് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചപ്പോഴാണ് വാഹനാപകടം മൂലമല്ല മരണം സംഭവിച്ചതെന്ന് മനസ്സിലായത്. 

തലയ്ക്ക് പിന്നിലേറ്റ ശക്തമായ അടിയാണ് മരണകാരണമെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഇതേ തുടര്‍ന്ന് മംഗലം പൊലീസിന്‍റെ നേതൃത്വത്തില്‍ ഉമാദേവിയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം പുറത്താകുന്നത്. മദ്യപാനിയായ വെങ്കിടേശ് വീട്ടുപകരണങ്ങള്‍ വിറ്റ് മദ്യം വാങ്ങുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ നിരന്തരം വഴക്കുണ്ടാകുമായിരുന്നു. 2000 രൂപ വിലമതിക്കുന്ന മിക്സി വിറ്റ് വെങ്കിടേശ് മദ്യപിച്ചതോടെ ഇയാളുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ഉമാദേവി പൊലീസിനോട് പറഞ്ഞു.