Asianet News MalayalamAsianet News Malayalam

ഭര്‍ത്താവിനെ കൊന്ന് അടുക്കളയില്‍ കുഴിച്ചിട്ടു, അതേ അടുക്കളയില്‍ ഒരു മാസം ഭക്ഷണം പാകം ചെയ്ത് ഭാര്യ

പ്രമീള തന്നെയാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയത്. 

wife killed husband and buried in their kitchen
Author
Bhopal, First Published Nov 22, 2019, 11:57 AM IST

ഭോപ്പാല്‍: സഹോദരന്‍റെ ഭാര്യയുമായി വിവാഹേതര ബന്ധം പുലര്‍ത്തിയ ഭര്‍ത്താവിനെ കൊന്ന് ഭാര്യ മൃതദേഹം അടുക്കളയില്‍ കുഴിച്ചുമൂടി. 35 കാരനായ മഹേഷ് ബനവാലിനെയാണ് കൊലപ്പെടുത്തിയതിന് ശേഷം 32കാരിയായ ഭാര്യ മൃതദേഹം അടുക്കളയിലെ സ്ലാബിനടിയില്‍ കുഴിച്ചിട്ടത്. കൊലപാതകെ പുറംലോകമറിയാതിരിക്കാനായിരുന്നു ഈ ശ്രമം. കൂടാതെ ഇതേ അടുക്കളയില്‍ ഒരുമാസത്തോളം ഇവര്‍ ആഹാരം പാകം ചെയ്യുകയും ചെയ്തിരുന്നു. 

ഒക്ടോബര്‍ 22നാണ് മധ്യപ്രദേശിലെ കരോണ്ടി ഗ്രാമവാസിയായ മഹേഷ് ബനവാലിനെ കാണാതായത്. മഹേഷിന്‍റെ ഭാര്യ പ്രമീള, ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. 

മഹേഷിന്‍റെ ജേഷ്ഠസഹോദരന്‍ അര്‍ജ്ജുന്‍ ബന്‍വാല്‍ നവംബര്‍ 21 ന് പൊലീസിനെ സമീപിച്ചതോടെയാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടാകുന്നത്. മഹേഷിനെ കാണാതായതോടെ താനടക്കമുള്ള ബന്ധുക്കള്‍ മഹേഷിന്‍റെ വീട്ടിലെത്തിയെങ്കിലും അവിടേക്ക് പ്രവേശിക്കാന്‍ പ്രമീള സമ്മതിച്ചിരുന്നില്ലെന്ന് അര്‍ജ്ജുന്‍ പറഞ്ഞു. അര്‍ജ്ജുന്‍റെ സംശയം പൊലീസിനെ കേസ് തെളിയിക്കാന്‍ സഹായിക്കുകയായിരുന്നു. 

ഇതോടെ പൊലീസ് വീണ്ടും മഹേഷിന്‍റെ വീട്ടിലെത്തി. വീടിനുള്ളില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു. വീട് മുഴുവനായും പൊലീസ് അരിച്ചുപെറുക്കി. അവസാനം അടുക്കളയിലെ സ്ലാബ് ഉയര്‍ത്തിനോക്കിയപ്പോഴാണ് ദുര്‍ഗന്ധത്തിന്‍റെ ഉറവിടം കണ്ടെത്തിയത്. 

സ്ലാബ് നീക്കി കുഴിയെടുത്ത പൊലീസിന് കണ്ടെത്താനാത് അഴുകിയ മൃതദേഹമാണ്. ഇവിടെയാണ് ഒരുമാസമായി പ്രമീള ഭക്ഷണം പാകം ചെയ്യുന്നത്. മൃതദേഹം പുറത്തെടുത്തതോടെ സത്യം തുറന്ന് പറഞ്ഞ പ്രമീള, മഹേഷിമന്‍റെ സഹോദരന്‍ ഗംഗാറാം ബന്‍വാലിന്‍റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് മൊഴി നല്‍കി. 

മഹേഷിന് ഗംഗാറാമിന്‍റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നുവെന്നും അതിനാല്‍ താനും ഗംഗാറാമും ചേര്‍ന്ന് മഹേഷിനെ കൊല്ലാന്‍ തീരുമാനിക്കുകയുമായിരുന്നുവെന്ന് പ്രമീള പറഞ്ഞു. 

അതേസമയം ഗംഗാറാം ആരോപണം നിഷേധിച്ചു. എങ്ങനെയാണ് പ്രമീള ഒറ്റയ്ക്ക് കൃത്യം നിര്‍വ്വഹിക്കുകയും മൃതദേഹം കുഴിച്ചിടുകയും ചെയ്തതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. പ്രമീള ഒറ്റയ്ക്കായിരിക്കില്ലെന്നും അവര്‍ക്ക് ഉറപ്പായും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരിക്കാമെന്നുമാണ് പൊലീസിന്‍റെ നിഗമനം. 

Follow Us:
Download App:
  • android
  • ios