ദില്ലി: കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ വീട്ടിനകത്ത് വച്ച് കൊന്ന് ഭാര്യ. ദില്ലി നിഹാര്‍ വിഹാറിലാണ് സംഭവം. മുപ്പത്തിയൊന്നുകാരിയായ ഭുവനേശ്വരി ദേവിയാണ് ഭര്‍ത്താവ് അനില്‍ സാഹുവിനെ കാമുകന്റെ സഹായത്തോടെ കൊന്നത്. 

അനില്‍ സാഹുവിന് പലസ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇദ്ദേഹം തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും അതിനാലാണ് കൊലപാതകം നടത്തിയതെന്നുമാണ് ഭുവനേശ്വരി പൊലീസിന മൊഴി നല്‍കിയിരിക്കുന്നത്. മുമ്പ് ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നതാണ്. ആ കേസ് ഒത്തുതീര്‍പ്പിലെത്തിയതോടെ വീണ്ടും ഇരുവരും ഒരുമിച്ച് മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. 

എന്നാല്‍ തുടര്‍ന്നും അവിഹിതബന്ധങ്ങളില്‍ ഭര്‍ത്താവ് ഏര്‍പ്പെട്ടിരുന്നുവെന്നും അങ്ങനെയാണ് താനും മറ്റൊരാളുമായി ബന്ധത്തിലായതെന്നും ഭുവനേശ്വരി പറഞ്ഞു. രാജ് എന്ന കാമുകനുമായി ആലോചിച്ച് ഉറപ്പിച്ച ശേഷമാണ് കൊലപാതകം നടത്തിയതെന്നും ഇവര്‍ മൊഴി നല്‍കി. 

ജൂണ്‍ മൂന്നിനാണ് നിഹാര്‍ വിഹാറിലുള്ള വീട്ടില്‍ വച്ച് അനില്‍ സാഹുവിന്റെ മൃതദേഹം പൊലീസ് കണ്ടെടുക്കുന്നത്. മുഖത്തും ശരീരത്തിലുമെല്ലാം പരിക്കുകളുണ്ടായിരുന്നു. അജ്ഞാതസംഘം വീട്ടില്‍ കയറിവന്ന് ആക്രമിച്ചുവെന്നായിരുന്നു ഭുവനേശ്വരി ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്ന കുട്ടികള്‍, ജോലിക്കാര്‍ എന്നിവരാരും കൃത്യമായി വിവരങ്ങള്‍ നല്‍കാതിരുന്നതോടെയാണ് പൊലീസിന് സംശയമായത്. 

തുടര്‍ന്ന് ഭുവനേശ്വരിയെ വിശദമായി ചോദ്യം ചെയ്തതോടെ മൊഴികളിലെ വൈരുദ്ധ്യം പൊലീസ് ശ്രദ്ധിച്ചു. ശേഷം വീണ്ടും ചോദ്യം ചെയ്തതോടെയാണ് ഇവര്‍ കുറ്റം സമ്മതിച്ചത്. രാജിനൊപ്പം ചേര്‍ന്ന് അനിലിനെ വകവരുത്താന്‍ പദ്ധതിയിട്ടുവെന്നും അതനുസരിച്ച് ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി അനിലിനെ മയക്കിക്കിടത്തി, കെട്ടിയിട്ട ശേഷം കൊല നടത്തുകയായിരുന്നു ലക്ഷ്യമെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ഇതിനിടെ അനില്‍ ഉണരുകയും രാജും അനിലും താനും തമ്മില്‍ മല്‍പ്പിടുത്തമുണ്ടാവുകയും ഇതിനിടെ അനിലിന്റെ മരണം സംഭവിക്കുകയായിരുന്നുവെന്നും ഇവര്‍ തുറന്നുസമ്മതിച്ചു. 

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളാണ് അനിലിനും ഭുവനേശ്വരിക്കുമുള്ളത്. പ്ലേസ്‌മെന്റ് ഏജന്‍സി നടത്തിവരികയായിരുന്നു അനില്‍. രാജ് സംഭവത്തിന് ശേഷം ഒളിവിലാണ്. ഇദ്ദേഹത്തിന് വേണ്ടി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചിട്ടുണ്ട്. 

Also Read:-  പാലക്കാട് കല്ലടിക്കോട് അച്ഛൻ മകനെ കൊലപ്പെടുത്തി; മദ്യപിച്ചതിനെ തുടർന്നുള്ള വഴക്ക് കൊലപാതകത്തിൽ കലാശിച്ചു...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona