ഒരു രാത്രിയില്‍ പിറന്നാള്‍ ആശംസ നേര്‍ന്ന് മെസ്സേജ് അയച്ചു. തുടര്‍ന്ന് ഫോണ്‍ വിളിക്കുകയും ''ഭാര്യ വീട്ടിലില്ല, ആര് ആഹാരമുണ്ടാക്കും , നീ വരൂ..'' എന്ന് പറഞ്ഞുവെന്നും പെണ്‍കുട്ടി...

ഡെറാഡൂണ്‍: വീട്ടില്‍ ഭാര്യയില്ലെന്നും ആഹാരം പാകം ചെയ്യാന്‍ വരണമെന്നും അര്‍ദ്ധരാത്രിയില്‍ വിദ്യാര്‍ത്ഥിനിയെ വിളിച്ച് ആവശ്യപ്പെട്ട് അധ്യാപകന്‍. ഉത്തരാഖണ്ഡിലെ ജിബി പന്ത് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ് പെണ്‍കുട്ടിയെ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടത്. 

''ഒക്ടോബറില്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന അച്ചടക്ക സമിതി യോഗത്തിലാണ് ഒരു പെണ്‍കുട്ടി വൈസ് ചാന്‍സലറുടെ മുന്നില്‍ ഇക്കാര്യം പറഞ്ഞത്. സംഭവത്തില്‍ അധ്യാപകനെതിരെ പെണ്‍കുട്ടി പരാതി നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ പ്രതിക്കെതിരെ നടപടികള്‍ ഉണ്ടായിട്ടില്ല'' ജിബി പന്ത് യൂണിവേഴ്സിറ്റിയിലെ ഡീന്‍ ഡോ. സലില്‍ തിവാരി പറഞ്ഞു. 

പെണ്‍കുട്ടി താമസിക്കുന്ന ഹോസ്റ്റലിന്‍റെ ചാര്‍ജുള്ള അധ്യാപകനാണ് ഇത്തരമൊരു സംഭാഷണം നടത്തിയത്. ഫോണ്‍ കട്ട് ചെയ്തിട്ടും ഇയാള്‍ തുടര്‍ച്ചായി വിളിച്ചുകൊണ്ടിരുന്നുവെന്നും പെണ്‍കുട്ടി വിസിയെ അറിയിച്ചു. ഒരു രാത്രിയില്‍ പിറന്നാള്‍ ആശംസ നേര്‍ന്ന് മെസ്സേജ് അയച്ചു. തുടര്‍ന്ന് ഫോണ്‍ വിളിക്കുകയും ''ഭാര്യ വീട്ടിലില്ല, ആര് ആഹാരമുണ്ടാക്കും, നീ വരൂ..'' എന്ന് പറഞ്ഞുവെന്നും പെണ്‍കുട്ടി വ്യക്തമാക്കി. 

ഇയാള്‍ അയച്ച മെസ്സേജ് പെണ്‍കുട്ടി അച്ചടക്കസമിതിക്ക് മുന്നില്‍ കാണിച്ചിട്ടും അധ്യാപകനെതിരായ ശക്തമായ തെളിവായി കമ്മിറ്റി ഇത് സ്വീകരിച്ചില്ല. ഈ സംഭവം നടക്കുമ്പോള്‍ വാര്‍ഡന്‍ ആയിരുന്ന അധ്യാപകനെ ഇതേ തുടര്‍ന്ന് ഒക്ടോബറില്‍ തല്‍സ്ഥാനത്തുനിന്ന് മാറ്റിയെന്ന് യൂണിവേഴ്സിറ്റി അധികൃതരിലൊരാള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

സംഭവം ശ്രദ്ധയില്‍പ്പെട്ട ഗവര്‍ണര്‍ ബേബി റാണി മൗര്യ, വൈസ് ചാന്‍സലറോട് അന്വേഷണം നടത്തി അധ്യാപകനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റിയിലെ എല്ലാ വിദ്യാര്‍ത്ഥിനികള്‍ക്കും സുരക്ഷിതമായ അന്തരീക്ഷം ഒരുക്കണമെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. യൂണിവേഴ്സിറ്റിയിലെ വനിതാ ഹോസ്റ്റലിന്‍റെ നടത്തിപ്പ് സംബന്ധിച്ച് റിപ്പോര്‍ട്ടും ഗവര്‍ണര്‍, ചാന്‍സലറോട് ആവശ്യപ്പെട്ടിട്ടുണ്ട്.