രാജ രഘുവംശി എന്ന യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ദില്ലി: മേഘാലയയിൽ ഹണിമൂണിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പൊലീസ്. കേസില്‍ അറസ്റ്റിലായ ഭാര്യ സോനം രഘുവംശിക്ക് മറ്റൊരു യുവാവുമായി വിവാഹേതര ബന്ധമുണ്ടായിരുന്നെന്നും യുവാവിനൊപ്പം ജീവിക്കാൻ ഭർത്താവിനെ ഒഴിവാക്കാനാണ് വാടക കൊലയാളികളെ ഏൽപ്പിച്ചതെന്നും പൊലീസ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സോനത്തിന്‍റെ കാമുകന് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന കാര്യം സംശയിക്കുന്നതായും പൊലീസ് പറയുന്നു.
എന്നാൽ, ഇക്കാര്യം സോനത്തിന്റെ കുടുംബം നിഷേധിച്ചു. രാജാ രഘുവംശിയുടെ കൊലപാതകവുമായി മകൾക്ക് പങ്കില്ലെന്ന് സോനത്തിന്റെ പിതാവും സഹോദരനും പറഞ്ഞു. മേഘാലയ പൊലീസ് കഥകൾ കെട്ടിച്ചമച്ച് മകളെ കുടുക്കാൻ ശ്രമിക്കുകയാണെന്നും അവർ ആരോപിച്ചു. മരുമകന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അമിത്ഷായെ കാണുമെന്നും പിതാവ് പറഞ്ഞു.
രാജ രഘുവംശി എന്ന യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. കരാർ കൊലയാളികളെ നിയമിച്ചാണ് ഭാര്യ സോനം കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി ഗാസിപൂരിലെ ഒരു ധാബയിൽ സോനത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ചികിത്സയ്ക്കായി ഗാസിപൂർ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു. അവിടെ വെച്ച് പൊലീസിന് മുന്നിൽ കീഴടങ്ങി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.
രാത്രിയിൽ നടത്തിയ റെയ്ഡുകളിൽ മറ്റ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി മേഘാലയ പൊലീസ് ഡയറക്ടർ ജനറൽ (ഡിജിപി) ഇദാഷിഷ നോങ്‌റാങ് പറഞ്ഞു. ഒരാളെ ഉത്തർപ്രദേശിൽ നിന്നും മറ്റ് രണ്ട് പേരെ ഇൻഡോറിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഭർത്താവിനെ കൊല്ലാൻ സോനം തങ്ങളെ വാടകയ്‌ക്കെടുത്തതാണെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
മെയ് 23 ന് ഈസ്റ്റ് ഖാസി ഹിൽസിലെ ചിറാപുഞ്ചിയിൽ ഹണിമൂൺ ആഘോഷത്തിനിടെയാണ് നവദമ്പതികളായ രാജ രഘുവംശിയെയും ഭാര്യ സോനത്തിനെയും കാണാതായത്. ഒരു ദിവസം മുമ്പ് ദമ്പതികൾ നോൻഗ്രിയാറ്റിൽ എത്തിയിരുന്നു. അവസാനമായി ബാലാജി ഹോംസ്റ്റേയിൽ നിന്ന് ചെക്ക് ഔട്ട് ചെയ്യുന്നതിനിടെയാണ് ഇവരെ കണ്ടത്. കാണാതായതിന്റെ ഒരു ദിവസത്തിന് ശേഷം അവർ വാടകയ്‌ക്കെടുത്ത ഒരു സ്‌കൂട്ടർ സൊഹ്‌റാരിമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പത്ത് ദിവസങ്ങൾക്ക് ശേഷം, രാജാ രഘുവംശിയുടെ മൃതദേഹം റിയാത് അർലിയാങ്ങിലെ വീസാവ്‌ഡോംഗിലെ കൊക്കയിൽ കണ്ടെത്തി. കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന വടിവാളും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. തുടർന്ന് കാണാതായ ഭാര്യയ്ക്കായി വ്യാപകമായ തിരച്ചിൽ നടത്തി.