ആഗ്ര: ബസില്‍ യാത്രക്കാര്‍ ഉറങ്ങിയ സമയത്ത് താന്‍ ബലാത്സംഗത്തിനിരയായെന്ന പരാതിയുമായി യുവതി. ശനിയാഴ്ച ലഖ്‌നൗവില്‍ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട ബസിലാണ് സംഭവം. 45യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നപ്പോഴാണ് തന്നെ ഒരാള്‍ ബലാത്സംഗം ചെയ്‌തെന്ന് യുവതി ആരോപിച്ചത്. സംഭവം സമയം മറ്റ് യാത്രക്കാരെയല്ലാം ഉറങ്ങുകയായിരുന്നുവെന്നും യുവതി പറഞ്ഞു. സംഭവത്തില്‍ മറ്റൊരു ബസില്‍ സഹായിയായി ജോലി ചെയ്യുന്ന രവി ഗുപ്തയെന്ന യുവാവിനെതിരെ പൊലീസ് ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു.

യുവതി 112 എന്ന ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് വിളിച്ചാണ് പൊലീസ് സഹായം തേടിയത്. യമുന എക്‌സ്പ്രസ് വേയിലെ മാന്റ് ടോള്‍ പ്ലാസക്ക് സമീപത്തെത്തിയപ്പോഴാണ് ബലാത്സംഗത്തിനിരയായതെന്ന് യുവതി പരാതിയില്‍ പറയുന്നു.

'ലഖ്‌നൗവില്‍ നിന്ന് ദില്ലിയിലേക്ക് ഡബിള്‍ ഡെക്കര്‍ ബസിലാണ് യാത്ര ചെയ്തത്. എവിടെ നിന്നെ രവിയും ബസില്‍ കയറി. സ്ലീപ്പര്‍ സീറ്റില്‍ താനുറങ്ങിയ സമയത്ത് അയാള്‍ എനിക്കരികിലെത്തി എന്റെ വായില്‍ തുണി തിരുകി എന്നെ ബലാത്സംഗം ചെയ്തു. മറ്റ് യാത്രക്കാരെല്ലാം ഈ സമയം ഉറക്കമായിരുന്നു'-യുവതി പൊലീസിനോട് പറഞ്ഞു.

സംഭവ ശേഷം യുവതി ബഹളം വെച്ചതോടെയാണ് എല്ലാവരും അറിഞ്ഞത്. യുവതി രവിയെ മര്‍ദ്ദിക്കുന്ന ശബ്ദം കേട്ടാണ് താന്‍ സംഭവം അറിയുന്നതെന്ന് ബസ് ജീവനക്കാരും പറഞ്ഞു. അതേസമയം, അറസ്റ്റിലായ രവി യുവതിയുടെ ആരോപണം നിഷേധിച്ചു.