ചെന്നൈ: വൃദ്ധ ദമ്പതികളെയും മകനെയും വെടിവച്ചു കൊന്നത് മരുമകളെന്ന് പൊലീസ്. സൌക്കാര്‍പേട്ടില്‍ നടന്ന കൊലപാതകത്തില്‍ അക്രമി സംഘത്തിലെ മൂന്നുപേരെ വാഹനം പിന്തുടര്‍ന്നു ചെന്നൈ പൊലീസ് മഹാരാഷ്ട്രയിലെ  സോളാപൂരില്‍ നിന്ന് പിടികൂടിയിരുന്നു. മരിച്ച ശീതളിന്റെ അളിയനും മറ്റു രണ്ടുപേരുമാണ് അറസ്റ്റിലായത്.

സൗകാര്‍പേട്ടില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍  സിറ്റി പൊലീസ് കമ്മീഷണര്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് വെള്ളിയാഴ്ച വൈകീട്ട് കാര്യങ്ങള്‍ പുറത്ത് എത്തിയത്. ഭര്‍ത്താവിനെയും പ്രായമായ മാതാപിതാക്കളെയും പോയിന്റ് ബ്ലാങ്കില്‍ തലയ്ക്കു വെടിവച്ചുകൊന്നതു സ്വന്തം മരുമകളെന്നാണ് ചെന്നൈ പൊലീസ് കമ്മീഷണര്‍ മഹേഷ് കുമാര്‍ അഗര്‍വാള്‍ മാധ്യമങ്ങളെ അറിയിച്ചത്. 

സംഭവത്തില്‍ പൊലീസ് വിശദീകരണം ഇങ്ങനെ, മരിച്ച ശീതളിന്റെ ഭാര്യ മഹാരാഷ്ട്ര പൂനെ സ്വദേശിനി ജയമാലയാണ്. ഏറെ കാലമായി ഇരുവരും പിരിഞ്ഞിരിക്കുകയാണ്. വിവാഹമോചനത്തിന്‍റെ നടപടികള്‍ കോടതിയില്‍ നടക്കുന്നുണ്ട്.  അഞ്ചുകോടി രൂപ ജീവനാംശം വേണമെന്നു ജയമാലയും കുടുംബവും മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യം. ഇതേ ആവശ്യവുമായി ജയമാലയുടെ സഹോദരങ്ങളായ വികാസും കൈലാശും സൗകാര്‍പേട്ടിലെ വീട്ടിലെത്തി ശീതളും മാതാപിതാക്കളുമായി വഴക്കുമുണ്ടാക്കിയിരുന്നു. 

ഈ പ്രശ്നം പരിഹരിക്കാനാണ് ജയമാലയും സഹോദരങ്ങളും മറ്റു രണ്ടുപേര്‍ക്കൊപ്പം ബുധനാഴ്ച ചെന്നൈയിലെത്തിയത്. സംസാരം തര്‍ക്കമായി. ഒടുവില്‍ ബാഗില്‍ കരുതിയിരുന്ന തോക്കെടുത്തു ജയമാല ഭര്‍ത്താവ് ശീതളിന്റെ നെറ്റിയില്‍ വെടിവച്ചു. പിറകെ ഭര്‍തൃപിതാവ് ദാലി ചന്ദിനെയും മാതാവ്  പുഷ്പ ഭായിയെയും വെടിവച്ചു വീഴ്ത്തി. പ്രത്യേക സൈലന്‍സറുള്ള  തോക്കായതിനാല്‍ ശബ്ദം പോലും പുറത്തുകേട്ടില്ല. ഒന്നും സംഭവിക്കാത്ത പോലെ പുറത്തിറങ്ങിയ ജയമാലയും സഹോദരങ്ങളും കാര്‍ മാര്‍ഗം പൂനെയിലേക്കു തിരിച്ചു. 

കാറിന്റെ നമ്പര്‍ സൗകാര്‍പേട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞതാണ്  അന്വേഷണത്തില്‍ നിര്‍ണായകമായത്. പൂനെ പൊലീസുമായി ബന്ധപെട്ട ചെന്നൈ പൊലീസ് പിന്നീട് ചടുല നീക്കങ്ങളാണു നടത്തിയത്. ഇന്നലെ വൈകീട്ടു തന്നെ അന്വേഷണ സംഘം പൂനൈയിലെത്തി. പൂനെ പൊലീസിന്റെ സഹായത്തോടെ   സോളാര്‍പൂര്‍ ജില്ലയില്‍ നിന്ന് വാഹത്തെ പിന്തുടര്‍ന്നാണു മൂന്നുപേരെ പിടികൂടിയത്. ജയമലായുടെ സഹോദരന്‍ കൈലാശ് , സുഹൃത്തുക്കളായ  രവീന്ദ്രനാഥ് , വിജയ് എന്നിവരാണു പിടിയിലായത്. തോക്കുളും പിടിച്ചെടുത്തു. ജയമാല അടക്കം രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്