ഒരേ പേരുള്ള ഇരുവരും തമ്മില്‍ മുന്‍ പരിചയമുണ്ട്. പരാതിക്കാരിയുടെ ഒപ്പ് അറിയാവുന്ന സ്ത്രീ ചെക്ക് ബുക്ക് ലഭിച്ചതോടെ പലതവണ പരിശീലിച്ചാണ് വ്യാജ ഒപ്പിടാന്‍ പഠിച്ചത്.

ദില്ലി: ഉടമ അറിയാതെ വ്യാജ ഒപ്പിട്ട് 3.5 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടില്‍ നിന്നും തട്ടിയെടുത്ത കേസില്‍ മദ്ധ്യവയസ്ക അറസ്റ്റില്‍. പണം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി സ്ത്രീ നല്‍കിയ പരാതിയിലാണ് ഞെട്ടിക്കുന്ന തട്ടിപ്പിന്‍റെ വിവരങ്ങള്‍ പുറത്തുവരുന്നത്. 

3.62 ലക്ഷം രൂപ തന്‍റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചതായി ചൂണ്ടിക്കാട്ടി ഉത്തംനഗര്‍ പൊലീസ് സ്റ്റേഷനിലാണ് സ്ത്രീ പരാതി നല്‍കിയത്. ചെക്ക് വഴിയും എടിഎം കാര്‍ഡുകള്‍ വഴിയുമാണ് പണം പിന്‍വലിക്കപ്പെട്ടതെന്നാണ് ബാങ്ക് നല്‍കിയ വിശദീകരണം. എന്നാല്‍ ബാങ്ക് അയച്ച ചെക്ക് ബുക്കോ എടിഎം കാര്‍ഡോ തനിക്ക് ലഭിച്ചിട്ടില്ലെന്ന് പരാതിക്കാരി ആരോപിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവരുന്നത്. 

ഫെബ്രുവരിയിലാണ് എടിഎം കാര്‍ഡും ചെക്ക് ബുക്കും ലഭിക്കുന്നതിനായി സ്ത്രീ ബാങ്കില്‍ അപേക്ഷ നല്‍കുന്നത്. ബാങ്ക് അനുവദിച്ച എടിഎം കാര്‍ഡും ചെക്ക് ബുക്കും ഡെലിവറി ബോയ് ആളുമാറി അതേ പേരിലും വിലാസത്തിലും താമസിക്കുന്ന പ്രതിയായ സ്ത്രീയുടെ വീട്ടില്‍ ഏല്‍പ്പിക്കുകയായിരുന്നു.

പരാതിക്കാരിയായ സ്ത്രീ താമസിച്ചിരുന്ന വീട്ടിലാണ് ഇപ്പോള്‍ പ്രതി താമസിക്കുന്നത്. ഒരേ പേരുള്ള ഇരുവരും തമ്മില്‍ മുന്‍ പരിചയമുണ്ട്. പരാതിക്കാരിയുടെ ഒപ്പ് അറിയാവുന്ന സ്ത്രീ ചെക്ക് ബുക്ക് ലഭിച്ചതോടെ പലതവണ പരിശീലിച്ചാണ് വ്യാജ ഒപ്പിടാന്‍ പഠിച്ചത്. പിന്നീട് ഇവര്‍ പണം പിന്‍വലിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.